ധർമ സൻസദ് നാളെ; റൂർക്കിയിൽ കർഫ്യൂ പ്രഖ്യാപിച്ചു; അനുഭവിക്കേണ്ടിവരുമെന്ന് ഹിന്ദുത്വ നേതാക്കളുടെ മുന്നറിയിപ്പ്
|''രാജ്യത്ത് മുസ്‌ലിംകളിൽനിന്നും ഭീകരവാദികളിൽനിന്നും റോഹിംഗ്യകളിൽനിന്നും ഹിന്ദുക്കൾ നേരിടുന്ന ഭീഷണി ചർച്ച ചെയ്യാനാണ് പരിപാടി നടത്തുന്നത്. നിങ്ങൾ ഞങ്ങളെ തടയാൻ ശ്രമിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ ഭീകരമായിരിക്കും.'' ഹിന്ദുത്വ നേതാവ് ആനന്ദ് സ്വരൂപ്
ഡെറാഡൂൺ: നാളെ ഹിന്ദു ധർമ സൻസദ് നടക്കുന്ന ഉത്തരാഖണ്ഡിയിലെ റൂർക്കിയിൽ കർഫ്യൂ പ്രഖ്യാപിച്ച് ഭരണകൂടം. ഹിന്ദു മഹാപഞ്ചായത്ത് നടക്കുന്ന ദാദാ ജലാൽപൂരിലാണ് ഭരണകൂടം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ചടങ്ങിൽ വിദ്വേഷ പ്രസംഗങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്ന സുപ്രീംകോടതിയുടെ കർശന നിർദേശത്തിനു പിന്നാലെയാണ് നടപടി. അതേസമയം, മഹാപഞ്ചായത്തിന് അനുമതി നൽകിയില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഹിന്ദുത്വ നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ ഉത്തരാഖണ്ഡിലെ തന്നെ ഹരിദ്വാറിൽ നടന്ന ഹിന്ദു ധർമ സൻസദ് വൻകോളിളക്കം സൃഷ്ടിച്ചിരുന്നു. ഹിന്ദു പുരോഹിതന്മാർ മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത പരിപാടിയുടെ ചുവടുപിടിച്ച് മറ്റു സംസ്ഥാനങ്ങളിലും കടുത്ത വിദ്വേഷം പരത്തി ധർമ സൻസദുകൾ നടന്നിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധം തുടരുന്നതിനിടെയാണ് നാളെ ഉത്തരാഖണ്ഡിൽ തന്നെ വീണ്ടും ധർമസൻസദ് നടക്കുന്നത്.
അതേസമയം, പരിപാടി തടയാൻ ശ്രമിച്ചാൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് ഹിന്ദുത്വ നേതാവും ഹരിദ്വാർ കേന്ദ്രമായുള്ള പുരോഹിതനുമായ ആനന്ദ് സ്വരൂപ് മഹാരാജ് മുന്നറിയിപ്പ് നൽകി. ''രാജ്യത്ത് മുസ്‌ലിംകളിൽനിന്നും ഭീകരവാദികളിൽനിന്നും റോഹിംഗ്യകളിൽനിന്നും ഹിന്ദുക്കൾ നേരിടുന്ന ഭീഷണി ചർച്ച ചെയ്യാനാണ് പരിപാടി നടത്തുന്നത്. നിങ്ങൾ ഞങ്ങളെ തടയാൻ ശ്രമിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ ഭീകരമായിരിക്കും.'' ഒരു വിഡിയോ സന്ദേശത്തിൽ ആനന്ദ് സ്വരൂപ് വ്യക്തമാക്കി.
ഹരിദ്വാർ ധർമ സൻസദിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് ആനന്ദ് സ്വരൂപിനെതിരെ കേസുണ്ട്. ഹിന്ദു രാഷ്ട്രമെന്ന ആവശ്യത്തിന് സർക്കാർ ചെവികൊണ്ടിട്ടില്ലെങ്കിൽ 1857 പോലെയുള്ള വിപ്ലവമായിരിക്കും നടക്കാൻ പോകുന്നതെന്ന് പരിപാടിയിൽ ഇദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ക്രിസ്മസ് ആഘോഷിക്കരുതെന്ന് ഹരിദ്വാറിലെ ഹോട്ടലുകൾക്കും റെസ്‌റ്റോറന്റുകൾക്കും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു ആനന്ദ്.
'വിദ്വേഷ പ്രസംഗം തടഞ്ഞില്ലെങ്കിൽ ചീഫ് സെക്രട്ടറി കോടതിയിലെത്തേണ്ടിവരും'
നാളത്തെ പരിപാടിയിൽ വിദ്വേഷ പ്രസംഗങ്ങൾ തടയാൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ നേരത്തെ സുപ്രീംകോടതി ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാരിനോട് ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, അഭയ് ശ്രീനിവാസ് ഓക, സി.ടി രവികുമാർ എന്നിവർ അംഗങ്ങളായ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിവിധ സംസ്ഥാനങ്ങളിൽ നടന്ന ധർമ സൻസദുകളിലെ വിദ്വേഷ പ്രസംഗങ്ങളിൽ നടപടി ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ ഖുർബാൻ അലി, മുതിർന്ന അഭിഭാഷകനും മുൻ പാട്ന ഹൈക്കോടതി ജഡ്ജിയുമായ അഞ്ജന പ്രകാശ് എന്നിവർ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ''നിങ്ങൾ അടിയന്തരമായ നടപടി സ്വീകരിക്കണം. ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. പ്രതിരോധ നടപടികൾക്ക് വേറെയും മാർഗങ്ങളുണ്ട്. അത് എങ്ങനെ ചെയ്യണമെന്ന് നിങ്ങൾക്ക് അറിയാം''- ജസ്റ്റിസ് ഖാൻവിൽക്കർ ഉത്തരാഖണ്ഡ് സർക്കാരിന്റെ ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറൽ ജതീന്ദർ കുമാർ സേത്തിയോട് വ്യക്തമാക്കി.
''വിദ്വേഷ പ്രസംഗങ്ങൾ തടഞ്ഞിട്ടില്ലെങ്കിൽ ചീഫ് സെക്രട്ടറിയായിരിക്കും ഉത്തരവാദി. ചീഫ് സെക്രട്ടറിയെ കോടതിയിലേക്ക് വിളിപ്പിക്കും. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിക്കണം. വിദ്വേഷ പ്രസംഗം തടയാൻ വേണ്ട എല്ലാ നടപടികളും കൈക്കൊള്ളണം.'' കോടതി മുന്നറിയിപ്പ് നൽകി.
Summary: 144 declared in Roorkee ahead of Hindu Dharm Sansad. Hindutva leaders warn warn of repercussions if Mahapanchayat is disallowed