India
144 in Kolkata during Modis visit; BJP with severe criticism,tmc,mamatabanarjee,sukantamajumdar,latest news,
India

മോദിയുടെ സന്ദർശനത്തിനിടെ കൊൽക്കത്തയിൽ 144; രൂക്ഷ വിമർശനവുമായി ബിജെപി

Web Desk
|
25 May 2024 10:17 AM GMT

ഇത്തരം ദുഷിച്ച തന്ത്രങ്ങൾക്ക് ബിജെപിയെ തടയാനാവില്ലെന്ന് സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രധാന നഗരങ്ങളിൽ 144 ഏർപ്പെടുത്തിയ പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച സന്ദർശിക്കാനിരിക്കെ ഏർപ്പെടുത്തിയ നിയന്ത്രണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബിജെപിയുടെ ആരോപണം.

പൊലീസ് കമ്മീഷണർ വിനീത് ഗോയലാണ് ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 144 പ്രകാരം നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചത്. ഹേർ സ്ട്രീറ്റ്, ബൗബസാർ പൊലീസ് സ്റ്റേഷനുകളുടെയും സിറ്റി പൊലീസിന്റെ ഹെഡ്ക്വാർട്ടേഴ്സ് ട്രാഫിക് ഗാർഡിന്റെയും അധികാരപരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ മെയ് 28 മുതൽ ജൂലൈ 26 വരെയാണ് ഉത്തരവ് ബാധകമാവുകയെന്ന് മേയ് 22-ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നുണ്ട്.

മെയ് 28ന് തന്നെ നഗരത്തിലെത്തുന്ന മോദി കൊൽക്കത്ത നോർത്ത് പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി തപസ് റോയിയുടെ റോഡ്‌ഷോയിൽ പങ്കെടുക്കും. റോഡ്‌ഷോ കടന്ന് പോകുന്ന റൂട്ടുകൾ ഉത്തരവിന്റെ പരിധിയിൽ വരുന്നില്ലെങ്കിലും തെരഞ്ഞെടുപ്പിന്റെ അഞ്ച്ഘട്ടങ്ങൾക്ക് ശേഷം ജനഹിതം മനസിലാക്കിയ മുഖ്യമന്ത്രി ഭയം മറയ്ക്കാനാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ ആരോപിച്ചു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിൽ നിരാശയായ അവർ മോദിജിയുടെ റോഡ് ഷോ തടയാനാണ് 144 നടപ്പിലാക്കാൻ പോലീസിനോട് ഉത്തരവിടാൻ ആഹ്വാനം ചെയ്‌തെന്നും ഇത്തരം ദുഷിച്ച തന്ത്രത്തിന് ബിജെപിയെ തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വിമർശനം നേരിട്ടതിനു പിന്നാലെ കൊൽക്കത്ത പൊലീസ് വിശദീകരണവുമായി രംഗത്തെത്തി. 'ഡൽഹൗസിയുടെയും വിക്ടോറിയ ഹൗസിന്റെയും പരിസരത്ത് സ്ഥിരമായി 144 പുറപ്പെടുവിപ്പിക്കാറുള്ളതാണെന്നും രണ്ട് മാസം കഴിയുമ്പോഴും അത് പുതുക്കാറുണ്ടെന്നും വിശദീകരിച്ച് പൊലീസ് എക്‌സിൽ പോസ്റ്റ് പങ്കുവെച്ചു. പഴയ ഉത്തരവുകളുടെ പകർപ്പുകളും പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ദയവായി വിട്ടുനിൽക്കാനും പോസ്റ്റിലൂടെ പൊലീസ് അഭ്യർഥിക്കുന്നുണ്ട്.



Similar Posts