15 കുട്ടികളുടെ നീളം മുടി മുറിച്ചുമാറ്റി; സർക്കാർ സ്കൂൾ അധ്യാപികയെ സസ്പെൻഡ് ചെയ്തു
|മുടി മുറിച്ചത് തെറ്റായി തോന്നിയിട്ടില്ലെന്ന് അധ്യാപികയുടെ വിശദീകരണം
ഹൈദരാബാദ്: നീളം കൂടിയെന്ന് ആരോപിച്ച് വിദ്യാർഥികളുടെ മുടി മുറിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് സസ്പെൻഷൻ. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ സർക്കാർ സ്കൂൾ അധ്യാപികയാണ് 15 വിദ്യാർത്ഥികളുടെ മുടി നീളമുള്ളതായി തോന്നിയതിനെ തുടർന്ന് മുറിക്കുകയും സസ്പെൻഷനിലാവുകയും ചെയ്തത്.
ഖമ്മാമിലെ കല്ലൂരിലെ സർക്കാർ സ്കൂളിലെ 8, 9, 10 ക്ലാസുകളിലെ 15 ഓളം വിദ്യാർഥികളുടെ മുടിയാണ് കത്രിക ഉപയോഗിച്ച് മുറിച്ച് മാറ്റിയത്. മുടി മുറിച്ചതിൽ മനംനൊന്ത് വിദ്യാർഥികൾ രക്ഷിതാക്കളോട് പരാതിപ്പെട്ടതോടെ അധ്യാപികയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധമുയരുകയും അധികൃതർ ഇവരെ സസ്പെൻഡ് ചെയ്യുകയുമായയിരുന്നു.
'മുടി മുറിക്കൽ അധ്യാപകരുടെ ജോലിയല്ല, വിദ്യാർത്ഥികൾ അച്ചടക്കം പാലിക്കാത്തവരാണെങ്കിൽ അവരുടെ മാതാപിതാക്കളെ അറിയിക്കുകയാണ് വേണ്ടിയിരുന്നത്. അധ്യാപിക ചെയ്തത് ശരിയായ കാര്യമല്ല.'- അധികൃതർ വിശദീകരിച്ചു. അതേസമയം നീണ്ട മുടിയുമായി ക്ലാസുകളിൽ കയറരുതെന്ന് പലതവണ വിദ്യാർഥികളോട് പറഞ്ഞിരുന്നു എന്നും അവർ മുടി മുറിക്കാൻ തയാറാവാതിരുന്നതിനാലാണ് തനിക്ക് മുടി മുറിക്കേണ്ടിവന്നതെന്നുമാണ് അധ്യാപിക നൽകിയ വിശദീകരണം. ചെയ്ത കാര്യം തെറ്റായി തോന്നിയിട്ടില്ലെന്നും അവർ പറഞ്ഞു.