India
Prathibha/Kishore

പ്രതിഭയും കിഷോറും

India

150 തവണ വിളിച്ചിട്ടും ഫോണെടുത്തില്ല, അവിഹിതമെന്ന് സംശയം,പൊലീസുകാരന്‍ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു

Web Desk
|
9 Nov 2023 5:15 AM GMT

230 കിലോമീറ്റര്‍ സഞ്ചരിച്ച് യുവതിയുടെ കുടുംബ വീട്ടിലെത്തിയാണ് കൊല നടത്തിയത്

ബെംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. 230 കിലോമീറ്റര്‍ സഞ്ചരിച്ച് യുവതിയുടെ കുടുംബ വീട്ടിലെത്തിയാണ് കൊല നടത്തിയത്. കൊലപാതകത്തിന് മുന്‍പ് കീടനാശിനി കഴിച്ച കോണ്‍സ്റ്റബിള്‍ അവശനിലയിലാണ്. 11 ദിവസം മുന്‍പാണ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്.

ചാമരാജനഗർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ഡി.കിഷോറാണ്(32) ഭാര്യ പ്രതിഭയെ(24) കൊലപ്പെടുത്തിയത്. ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയശേഷം കലത്തൂര്‍ ഗ്രാമത്തിലുള്ള സ്വന്തം വീട്ടിലായിരുന്നു പ്രതിഭ. 150 തവണ വിളിച്ചിട്ടും പ്രതിഭ ഫോണ്‍ എടുക്കാത്തതാണ് കിഷോറിനെ പ്രകോപിപ്പിച്ചത്. ഭാര്യയെ സംശയമുണ്ടായിരുന്ന കിഷോര്‍ നിരന്തരം പ്രതിഭയുടെ ഫോണ്‍കോളുകളും മെസേജുകളും പരിശോധിച്ചിരുന്നു. ഭാര്യയുമായി ബന്ധമുള്ള പുരുഷന്‍മാരായ കോളേജ് സുഹൃത്തുക്കളെ സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചിരുന്നത്. സംഭവത്തിന്‍റെ തലേദിവസം ഇതു വഷളാവുകയും കിഷോര്‍ പ്രതിഭയെ ഫോണിലൂടെ അസഭ്യം പറയുകയും ചെയ്തിരുന്നു. പ്രതിഭ കരയുന്നത് കേട്ട് മാതാവ് വെങ്കിടലക്ഷ്മമ്മ ഇടപെട്ട് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. പ്രസവാനന്തരമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന മകളോട് ഭര്‍ത്താവിന്‍റെ കോള്‍ എടുക്കരുതെന്നും ഉപദേശിച്ചു. ഇത് കിഷോറിന്‍റെ ദേഷ്യം വര്‍ധിപ്പിച്ചു. പിറ്റേന്ന് രാവിലെ പ്രതിഭ ഫോണ്‍ നോക്കിയപ്പോള്‍ ഭര്‍ത്താവ് തന്നെ 150 തവണ വിളിച്ചതായി ശ്രദ്ധയില്‍പെട്ടു. ഇതിനെക്കുറിച്ച് മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു.

ദേഷ്യവും സംശയവും അടക്കാനാവാതെ കിഷോര്‍ ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ചാമരാജനഗർ ടൗണിൽ നിന്ന് 230 കിലോമീറ്ററിലധികം സഞ്ചരിച്ച് പ്രതിഭയുടെ മാതാപിതാക്കളുടെ വീട്ടിലെത്തി. മാരകമായ അളവിൽ കീടനാശിനി കഴിച്ച ശേഷമാണ് ഇയാള്‍ വീട്ടില്‍ കയറിയത്. പിന്നീട് പ്രതിഭയെ ഒരു ദുപ്പട്ട ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അമ്മ വെങ്കിടലക്ഷ്മമ്മ ഇവരുടെ മുറിയുടെ വാതിലില്‍ മുട്ടിയെങ്കിലും മറുപടിയൊന്നുമുണ്ടായില്ല. സംശയം തോന്നിയ മാതാവ് കിഷോറിനോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. 15 മിനിറ്റിന് ശേഷം വാതില്‍ തുറന്ന കിഷോര്‍ 'ഞാനവളെ കൊന്നു ...ഞാനവളെ കൊന്നു' എന്നുപറയുകയായിരുന്നു. സംഭവത്തിന് ശേഷം കിഷോർ ഓടി രക്ഷപ്പെട്ടു. പ്രതിഭയുടെ പിതാവ് സുബ്രമണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിഷോറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Related Tags :
Similar Posts