കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കുരങ്ങിന് വന്‍ സംസ്കാരചടങ്ങ്, തടിച്ചുകൂടിയത് ആയിരങ്ങൾ; വിവാദമായതോടെ നടപടി
|കുരങ്ങിനെ ശവമഞ്ചത്തിലേറ്റി പ്രാർത്ഥനാശ്ലോകങ്ങൾ ചൊല്ലിയാണ് സംസ്‌കരിക്കാനായി എത്തിച്ചത്. പ്രത്യേകമൊരുക്കിയ പന്തലിൽ വൻസദ്യയൂട്ടും നടന്നു
കോവിഡ് നിയമങ്ങൾ കാറ്റിൽപറത്തി കുരങ്ങിന് സംസ്‌കാരചടങ്ങ് സംഘടിപ്പിച്ച് നാട്ടുകാർ. മധ്യപ്രദേശിലെ ദാലുപുരയിലാണ് ഗ്രാമീണർ കുരങ്ങിന് വൻസംസ്‌കാര ചടങ്ങൊരുക്കിയത്. ആയിരക്കണക്കിനു ഗ്രാമീണരാണ് ചടങ്ങിനായി തടിച്ചുകൂടിയത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡിസംബർ 29നാണ് രാജ്ഗഢ് ജില്ലയിലെ ദാലുപുരയിൽ ഗ്രാമത്തിലെ സ്ഥിരം സന്ദർശകനായ കുരങ്ങ് ചത്തത്. ഇതിൽ ദുഃഖിതരായ ഗ്രാമീണർ ചേർന്ന് പണം പിരിച്ചാണ് കുരങ്ങിന് രാജകീയ സംസ്‌കാരചടങ്ങൊരുക്കിയത്. കുരങ്ങിനെ ശവമഞ്ചത്തിലേറ്റി പ്രാർത്ഥനാശ്ലോകങ്ങൾ ചൊല്ലിയാണ് സംസ്‌കരിക്കാനായി എത്തിച്ചത്. സംസ്‌കാരത്തിനുശേഷം പ്രത്യേകമൊരുക്കിയ പന്തലിൽ വൻസദ്യയൂട്ടും നടന്നു. പ്രത്യേകം കാർഡടിച്ച് വിതരണം ചെയ്താണ് ആളുകളെ സദ്യയൂട്ടിലേക്ക് ക്ഷണിച്ചത്. ചടങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കുരങ്ങിന്റെ മരണത്തിൽ ദുഃഖാചരണമായി ഹരി സിങ് എന്നൊരു യുവാവ് തല മൊട്ടയടിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദു ആചാരങ്ങളുടെ ഭാഗമായാണ് മൊട്ടയടിച്ചതെന്നാണ് ഇയാൾ പറയുന്നത്. രാജ്യത്ത് പലയിടങ്ങളിലും ഹനുമാനുമായി ചേർത്ത് കുരങ്ങിനെ വിശുദ്ധ ജീവിയായി കരുതുന്നവരുണ്ട്.
कुछ लोगों ने मुंडन करवाया, चंदा करके हज़ारों लोग के लिये भोज का आयोजन किया अब धारा 144 के उल्लंघन में गांववालों पर मामला दर्ज हो गया है pic.twitter.com/yPq0lSkV2N
— Anurag Dwary (@Anurag_Dwary) January 11, 2022
ഒമിക്രോൺ ഭീതിക്കിടയിൽ മധ്യപ്രദേശിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സിആർപിസി 144 പ്രകാരം വലിയ ആൾക്കൂട്ടത്തിനും വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, ഇതെല്ലാം അവഗണിച്ചായിരുന്നു ദാലുപുരയിൽ കുരങ്ങിനു വേണ്ടി നടന്ന സംസ്‌കാരചടങ്ങ്. സംഭവം വിവാദമായതോടെ ചടങ്ങിന്റെ സംഘാടകരെന്ന് കരുതപ്പെടുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കാണിച്ചാണ് ഇവർക്കെതിരെ കേസെടുത്തത്.