മധ്യപ്രദേശില്‍ കണ്ടെയ്‌നർ ലോറിയിൽ കൊണ്ടുപോയ 1,500 ഐഫോണുകൾ കവര്‍ന്നു
|മൂന്ന് പൊലീസുകാർക്കെതിരെ കൃത്യവിലോപത്തിന് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗറിൽ വൻ ഐഫോൺ കവർച്ച. ചെന്നൈയിലെ പ്ലാന്റിൽനിന്ന് ഐഫോണുകളുമായി ഹരിയാനയിലെ ഗുഡ്ഗാവിലേക്കു പുറപ്പെട്ട കണ്ടെയ്‌നർ ലോറിയാണ് മധ്യപ്രദേശിൽ കവർച്ചയ്ക്കിരയായത്. 1,500ലേറെ ഐഫോണുകൾ കൊള്ളസംഘം കവർന്നതായാണ് ആരോപണം. ഏകദേശം 11 കോടി രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്.
ആഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ടെയ്‌നർ ഡ്രൈവറെ മയക്കുമരുന്ന് നൽകി മയക്കിയായിരുന്നു കവർച്ച നടന്നതെന്നാണ് പൊലീസിനു ലഭിച്ച പരാതി. വായിൽ തുണിതിരുകിയ ശേഷം കണ്ടെയ്‌നറിലെ ഫോണുകൾ മുഴുവൻ തട്ടിയെടുത്ത് സംഘം കടന്നുകളയുകയായിരുന്നുവെന്നാണു പരാതിയിൽ പറയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ഐഫോൺ നിർമാതാക്കളായ ആപ്പിൾ ഇതുവരെ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും സാഗർ അഡിഷനൽ എസ്.പി സഞ്ജയ് യൂയ്കീ അറിയിച്ചു.
അതേസമയം, പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന പരാതിയിൽ മൂന്ന് പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചു. കൃത്യവിലോപം കാണിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ബന്ദാരി പൊലീസ് ഹെഡ് കോൺസ്റ്റബിൾ രാജേഷ് പാണ്ഡെയെ സസ്‌പെൻഡ് ചെയ്തു. പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഇൻസ്‌പെക്ടർ ഭഗചന്ദ് യൂയ്കി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ രാജേന്ദ്ര പാണ്ഡെ എന്നിവരെ സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്.
Summary: 1,500 iPhones worth Rs 11 Crore stolen from truck in Madhya Pradesh's Sagar; action against 3 cops