കഴിഞ്ഞ മൂന്നു വർഷത്തിനിടെ ജാർഖണ്ഡിൽ കൊല്ലപ്പെട്ടത് 51 നക്സലുകൾ
|മാവോയിസ്റ്റ് പോളിറ്റ്ബ്യൂറോ മെമ്പറടക്കം 1,526 നക്സലുകൾ അറസ്റ്റിലായിട്ടുണ്ടെന്നും ഡിജിപി നീരജ് സിൻഹ പറഞ്ഞു.
റാഞ്ചി: കഴിഞ്ഞ മൂന്നു വർഷത്തിനിടെ ജാർഖണ്ഡിൽ 51 നക്സലുകൾ കൊല്ലപ്പെട്ടെന്ന് ഡിജിപി നീരജ് സിൻഹ. ഇക്കാലയളവിൽ 1,526 പേർ അറസ്റ്റിലായെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ പൊലീസ് ഹെഡ്ക്വാട്ടേഴ്സിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പോളിറ്റ്ബ്യൂറോ മെമ്പർ, ഒരു സെൻട്രൽ കമ്മിറ്റി മെമ്പർ, മൂന്ന് സ്പെഷ്യൽ ഏരിയാ കമ്മിറ്റി മെമ്പർമാർ, ഒരു റീജ്യണൽ കമ്മിറ്റി മെമ്പർ, 12 സോണൽ കമാൻഡർമാർ, 30 സബ് സോണൽ കമാൻഡർമാർ, 61 ഏരിയ കമാൻഡർമാർ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുണ്ടെന്ന് ഡിജിപി പറഞ്ഞു.
പിടിയിലായ നക്സലൈറ്റുകളിൽനിന്ന് വൻ ആയുധ ശേഖരവും ലെവിയായി പിരിച്ചെടുത്ത 159 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. 136 പൊലീസ് ആയുധങ്ങൾ, 40 സാധാരണ ആയുധങ്ങൾ, 37,541 വെടിയുണ്ടകൾ, 9,616 ഡിറ്റണേറ്ററുകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. കീഴങ്ങുന്ന നക്സലുകൾക്കായുള്ള പുനരധിവാസ പദ്ധതിയും വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും 57 ഉന്നത നക്സൽ നേതാക്കൾ കീഴടങ്ങിയെന്നും ഡിജിപി പറഞ്ഞു.