അമ്മയ്ക്കൊപ്പം ക്ഷേത്രത്തിലേക്ക് പോയ ഒന്നര വയസുകാരിയെ പുലി ആക്രമിച്ച് കൊന്നു
|അമ്മയും നാട്ടുകാരും ബഹളം വച്ചതോടെ പുള്ളിപ്പുലി ഓടി രക്ഷപെട്ടു.
മുംബൈ: അമ്മയ്ക്കൊപ്പം ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഒന്നര വയസുകാരിയെ പുലി ആക്രമിച്ചു കൊന്നു. മുംബൈയിലെ ആരേ കോളനിക്ക് സമീപം തിങ്കളാഴ്ച രാവിലെയായിരുന്നു ദാരുണ സംഭവം. ഇതിക അഖിലേഷ് എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്.
പുലർച്ചെ 5.45ഓടെ ക്ഷേത്രത്തിലേക്ക് ഇറങ്ങിയ അമ്മയെ മകൾ പിന്തുടരുകയായിരുന്നു. വഴിമധ്യേ കുട്ടിയെ പുലി ആക്രമിച്ചു. അമ്മയും നാട്ടുകാരും ബഹളം വച്ചതോടെ പുള്ളിപ്പുലി ഓടി രക്ഷപെട്ടു. കുട്ടിയെ ഉടൻ മാരോളിലെ സെവൻ ഹിൽസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴുത്തിലേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് സഞ്ജയ് ഗാന്ധി ദേശീയോദ്യാനം ഡയറക്ടർ ജി മല്ലികാർജുൻ പറഞ്ഞു. ദേശീയ ഉദ്യാനത്തോട് ചേർന്നുള്ള ആരെ കോളനിയിൽ പുള്ളിപ്പുലികൾ വരുന്നത് അസാധാരണമല്ലെന്നും ഇദ്ദേഹം പറഞ്ഞു.
ഇതികയുടെ അന്ത്യകർമങ്ങൾക്ക് ശേഷം പുലിയെ പിടികൂടാൻ കെണിയൊരുക്കുമെന്ന് മല്ലികാർജുൻ പറഞ്ഞു. മൃതദേഹം ഗോരേഗാവിലെ സിദ്ധാർഥ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയെന്നും കുടുംബത്തിന് ഉടൻ വിട്ടുനൽകുമെന്നും ഫോറസ്റ്റ് ഓഫീസർ നാരായൺ മാനെ പറഞ്ഞു.
ഒരു പഠനമനുസരിച്ച്, മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ ദേശീയ ഉദ്യാനത്തിലാണ് ലോകത്ത് ഏറ്റവും കൂടുതൽ പുള്ളിപ്പുലി സാന്ദ്രത. 100 ചതുരശ്ര കിലോമീറ്ററിൽ 26 പുള്ളിപ്പുലികളാണ് ഇവിടെയുള്ളത്.
ഒക്‌ടോബർ നാലിന് ഗർബ പരിപാടി കാണാൻ പിതാവിനൊപ്പം പോവുകയായിരുന്ന ഹിമാൻഷു യാദവ് എന്ന നാലു വയസുകാരനെയും പുള്ളിപ്പുലി ആക്രമിച്ചിരുന്നു. എന്നാൽ കുട്ടി ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു.