ഉറക്കത്തിൽ അമ്മ ഉരുണ്ടുവീണ് 18 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; കൊലപാതകമെന്ന് പിതാവ്
|ഒരേ കട്ടിലിൽ മാതാപിതാക്കള്‍ക്കൊപ്പം കുട്ടി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം
അംറോഹ: ഉറക്കത്തിൽ അബദ്ധത്തിൽ അമ്മ കുഞ്ഞിന് മുകളിലേക്ക് ഉരുണ്ടുവീണ് 18 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ ഗജ്രൗള മേഖലയിലാണ് സംഭവം. ശനിയാഴ്ച രാവിലെ മാതാപിതാക്കൾ ഉണർന്നപ്പോഴാണ് കുഞ്ഞ് ശ്വസിക്കുന്നില്ലെന്ന് മനസിലായത്. തുടർന്ന് കുഞ്ഞിനെ ഉടൻ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.
ഉറക്കത്തിൽ കുഞ്ഞിന് മുകളിലേക്ക് ഉരുണ്ടുവീണതാണെന്ന് അമ്മ കാജൽ ദേവി (30) പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ പറഞ്ഞു. എത്രനേരം കുഞ്ഞിന്റെ മുകളിൽ കിടന്നെന്നോ എപ്പോഴാണ് അവൻ ശ്വാസം കിട്ടാതെ മരിച്ചതെന്നോ തനിക്കറിയില്ലെന്നും അമ്മ പറഞ്ഞു.
എന്നാൽ കാജൽ ദേവി മനഃപൂർവം കുഞ്ഞിനെ ഉറങ്ങിക്കിടത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിതാവ് വിശാൽ കുമാർ (32) ആരോപിച്ചു. ഇതോടെ കുഞ്ഞിന്റെ മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.
ദമ്പതികൾ എട്ട് വർഷം മുമ്പാണ് വിവാഹിതരായത്. ഇവർക്ക് മൂന്ന് ആൺമക്കളുണ്ട്. മരിച്ച കുട്ടി ഏറ്റവും ഇളയതാണ്. ഒരേ കട്ടിലിൽ രക്ഷിതാക്കൾക്കിടയിൽ കുട്ടി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവമെന്നും മകനെ കൊലപ്പെടുത്തിയെന്നാരോപിച്ച് അമ്മയ്ക്കെതിരെ പിതാവ് പരാതി നൽകിയതായും എസ്എച്ച്ഒ അരിഹന്ത് സിദ്ധാർത്ഥ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കേസ് സമഗ്രമായി അന്വേഷിക്കുകയാണെന്നും പിതാവ് ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.