India
അമ്മയ്ക്ക് സ്വർണവും അച്ഛന് കാറും; ബാങ്ക് കൊള്ളയടിച്ച പണം കൊണ്ട് പതിനെട്ടുകാരന്റെ സർപ്രൈസ് സമ്മാനം
India

അമ്മയ്ക്ക് സ്വർണവും അച്ഛന് കാറും; ബാങ്ക് കൊള്ളയടിച്ച പണം കൊണ്ട് പതിനെട്ടുകാരന്റെ 'സർപ്രൈസ്' സമ്മാനം

Web Desk
|
27 Jun 2021 3:24 PM GMT

അമ്മയ്ക്ക് 50,000 രൂപ വിലമതിക്കുന്ന ആഭരണങ്ങളും അച്ഛന് 40,000 രൂപ വിലയുള്ള സെക്കൻഡ് ഹാൻഡ് കാറുമാണ് കൗമാരക്കാരൻ കവര്‍ച്ചാപണം ഉപയോഗിച്ച് സമ്മാനമായി നൽകിയത്

ഒരു പതിനെട്ടുകാരൻ അമ്മയ്ക്ക് 50,000 രൂപ വിലമതിക്കുന്ന സ്വർണവും അച്ഛന് 40,000 വിലയുള്ള സെക്കൻഡ് ഹാൻഡ് കാറും സമ്മാനമായി നൽകുന്നു! പകച്ചുപോകില്ലേ ആരും. അജയ് ബഞ്ജാരെയുടെ മാതാപിതാക്കളും സന്തോഷത്തിലായിരുന്നു; മകൻ ഇത്രയും ഇളംപ്രായത്തിൽ തന്നെ ഏറെ മുതിർന്നിരിക്കുന്നുവെന്ന സന്തോഷത്തിലായിരുന്നു അവർ.

എന്നാൽ, മാതാപിതാക്കൾക്ക് ഇത്രയും വിലപിടിപ്പുള്ള സമ്മാനം നൽകാൻ ഈ കൗമാരക്കാരന് എവിടെനിന്ന് പണം കിട്ടിയെന്നായിരുന്നു നാട്ടുകാർ നെറ്റി ചുളിച്ചത്. അതിനിടെയാണ് സമീപത്തെ ഒരു ബാങ്കിൽ ദിവസങ്ങൾക്കുമുൻപ് നടന്ന കവർച്ചാകേസിന്റെ ചുരുളഴിയുന്നത്. കേസിൽ പ്രതികളായത് അഡയ് ബഞ്ജാരയും സുഹൃത്ത് പ്രദീപ് താക്കൂറും. ഇന്ദിരാ ഗാന്ധി നഗറിലെ ബർണാന സ്‌ക്വയറിലുള്ള സഹകരണ ബാങ്കിലായിരുന്നു ഇവർ കവർച്ച നടത്തിയത്.

കവർച്ചാപണം ഉപയോഗിച്ചായിരുന്നു അജയ് മാതാപിതാക്കൾക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയത്. പ്രദീപ് താക്കൂറിന്റെ സഹായത്തോടെയായിരുന്നു കൗമാരക്കാരൻ ബാങ്ക് കവർച്ച നടത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ബാങ്ക് കവർച്ചാ വിവരം പുറത്തെത്തുന്നത്. 4.78 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും വസ്തുക്കളും ഇവർ ബാങ്കിൽനിന്ന് കവർന്നു.

ബാങ്ക് കവർച്ചയ്ക്കു പിന്നിൽ അജയും പ്രദീപുമാണെന്ന് പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് ഇവരെ പിന്തുടരുകയായിരുന്നു പൊലീസ്. ഇതിനിടയിൽ മുൻപൊരു ഇരുചക്ര വാഹന കവർച്ചാ കേസും ഇവർക്കെതിരെയുണ്ടായിരുന്നെന്ന് കണ്ടെത്തി. കേസിൽ അഭിഭാഷകനു നൽകാനുള്ള ഫീസും ബാങ്ക് കവർച്ചയിൽനിന്നു ലഭിച്ച തുക ഉപയോഗിച്ചാണ് അടച്ചുതീർത്തതെന്നും വ്യക്തമായി. അധികം വൈകാതെ പ്രതികളെ പിടികൂടുകയും ചെയ്തു.

കുറ്റകൃത്യത്തിൽ പങ്കാളികളായ അജയുടെയും പ്രദീപിന്റെയും വിരുദ്ധങ്ങളായ ലക്ഷ്യങ്ങളാണ് ഏറെ കൗതുകമുണ്ടാക്കുന്നത്. സ്വന്തം 'സമ്പാദ്യ'ത്തിലൂടെ മാതാപിതാക്കളെ സന്തോഷിപ്പിക്കാനായിരുന്നു അജയ് കവർച്ചയ്ക്കിറങ്ങിയത്. എന്നാൽ, പ്രദീപ് ഒരു പ്രതികാരം തീർക്കാനിറങ്ങിയതായിരുന്നു. അതും മാതാപിതാക്കളോട്! ചെറുപ്പത്തിൽ തന്നെ അവഗണിച്ച മാതാപിതാക്കളോട് പ്രതികാരം ചെയ്യണമെന്ന് ദീർഘകാലമായി മനസിൽ കൊണ്ടുനടന്ന പ്രതിജ്ഞയായിരുന്നു. അതിനു കണ്ടെത്തിയ വഴി കൊള്ളയും കവർച്ചയും. ഇതുവഴിയുണ്ടാകുന്ന കുപ്രസിദ്ധിയിലൂടെ മാതാപിതാക്കൾക്ക് മാനഹാനിയുണ്ടാക്കാനാകുമെന്ന് യുവാവ് വിശ്വസിച്ചു.

കവർച്ചാപണം കൊണ്ട് രണ്ടുപേരും വിലപിടിപ്പുള്ള മൊബൈൽ ഫോണുകളും വാങ്ങിയിരുന്നു. രാജസ്ഥാനടക്കമുള്ള അയൽ സംസ്ഥാനങ്ങളിലേക്ക് മോഷണം വ്യാപിപ്പിക്കാനായി ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങാനുള്ള ആലോചനയിലുമായിരുന്നു ഇരുവരും. രണ്ടു ലക്ഷം രൂപയാണ് ഇവരില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുള്ളത്. ബാക്കി തുക മുഴുവന്‍ ഇരുവരും ചെലവഴിച്ചുകഴിഞ്ഞിരുന്നു.

Related Tags :
Similar Posts