India
yogi adityanadh_encounter
India

'എൻകൗണ്ടർ പ്രദേശ്'; യോഗി അധികാരത്തിലെത്തിയ ശേഷം 183 ഏറ്റുമുട്ടൽ കൊലപാതകം

Web Desk
|
19 April 2023 3:36 PM GMT

വ്യാജ ഏറ്റുമുട്ടലുകൾ നടത്തി യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു.

യോഗി ആദിത്യനാഥ് സർക്കാരിന്റെ ആറുവർഷത്തെ ഭരണകാലത്തിനിടെ പോലീസുമായുള്ള ഏറ്റുമുട്ടലുകളിൽ 183 കുറ്റവാളികളെ വധിച്ചതായി യുപി പോലീസിന്റെ റിപ്പോർട്ട്. ഝാൻസിയിൽ വെടിവയ്പിൽ കൊല്ലപ്പെട്ട സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പിയും ഗുണ്ടാത്തലവനുമായ അതീഖ് സഹോദരന്‍ അഷ്റഫും ഉൾപ്പടെയുള്ള കണക്കാണിത്. 2017 മാർച്ചിൽ യോഗി ആദിത്യനാഥ്‌ ആദ്യമായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം സംസ്ഥാനത്ത് 10,900-ലധികം പോലീസ് ഏറ്റുമുട്ടലുകൾ നടന്നതായി യുപി പോലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഈ ഏറ്റുമുട്ടലുകളിൽ 23,300 കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും 5,046 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ 1,443 പോലീസുകാർക്ക് പരിക്കേറ്റതായും 13 പേർ കൊല്ലപ്പെട്ടതായും കണക്കുകളിൽ പറയുന്നു. കൊല്ലപ്പെട്ട പതിമൂന്ന് പോലീസുകാരിൽ എട്ടുപേരെ കുപ്രസിദ്ധ ഗുണ്ടാസംഘം വികാസ് ദുബെയുടെ സഹായികൾ കാൺപൂരിലെ ഇടുങ്ങിയ പാതയിൽ ഒളിച്ചിരുന്നാണ് കൊലപ്പെടുത്തിയത്.

2017 മാർച്ച് 20 മുതൽ സംസ്ഥാനത്ത് പോലീസ് ഏറ്റുമുട്ടലുകളിൽ 183 ക്രിമിനലുകൾ വെടിയേറ്റ് മരിച്ചതായി സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ലോ ആൻഡ് ഓർഡർ) പ്രശാന്ത് കുമാറും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഈ ഏറ്റുമുട്ടലുകളിൽ പലതും വ്യാജമാണെന്നാണ് പ്രതിപക്ഷ ആരോപണം. യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ഉന്നതതല അന്വേഷണം വേണമെന്നും പ്രതിപക്ഷവും വിമർശകരും ആവശ്യപ്പെടുന്നുണ്ട്. യുപി സർക്കാർ ഈ ആരോപണങ്ങൾ മുഖവിലക്കെടുത്തിട്ടില്ല. ബിജെപി അധികാരത്തിൽ വന്നതിനുശേഷം ക്രമസമാധാനം മെച്ചപ്പെട്ടുവെന്നാണ് വാദം.

ഇതിനിടെ, കഴിഞ്ഞ വ്യാഴാഴ്ച അതീഖ് അഹമ്മദിന്റെ മകനും ഉമേഷ്‌പാൽ വധക്കേസിലെ പ്രതിയുമായ അസദും സഹായി ഗുലാമും യുപി സ്‌പെഷ്യൽ ഫോഴ്‌സുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതിയും രംഗത്തെത്തി. ഝാൻസിയിൽ ഇരുവരും കൊല്ലപ്പെട്ടതിന് പിന്നാലെ തന്നെ ഏറ്റുമുട്ടൽ വ്യാജമാണെന്ന് ആരോപിച്ച് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു.

വ്യാജ ഏറ്റുമുട്ടലുകൾ നടത്തി യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. കോടതികളിൽ ബിജെപിക്ക് വിശ്വാസമില്ല. അസദിന്റെ കൊലപാതകവും സമീപകാലത്തുണ്ടായ മറ്റ് ഏറ്റുമുട്ടലുകളും അന്വേഷിക്കണം. കുറ്റവാളികൾ രക്ഷപെടരുത്. തെറ്റോ ശരിയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സർക്കാരിനില്ലെന്നും യാദവ് തുറന്നടിച്ചിരുന്നു. ഏറ്റുമുട്ടലുകൾ സംബന്ധിച്ച് പല ചർച്ചകളും നിലനിൽക്കുന്നതിനാൽ സംഭവത്തിന്റെ പൂർണ്ണമായ വസ്തുതകളും സത്യവും പുറത്തുകൊണ്ടുവരാൻ ഉന്നതതല അന്വേഷണം വേണമെന്ന് മായാവതിയും ആവശ്യപ്പെട്ടു.

എന്നാൽ, കുറ്റം ചെയ്തിട്ടില്ലെങ്കിൽ ആരും നിങ്ങളെ തൊടില്ല, കുറ്റം ചെയ്തവർ ആരും രക്ഷപെടില്ലെന്നും ആയിരുന്നു യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ന്യായീകരണം. എൻകൗണ്ടർ നടത്തിയ പൊലീസുകാരെ അഭിനന്ദിക്കാനും മൗര്യ മറന്നില്ല.

പ്രയാഗ്‌രാജ് പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള ഏഴാമത്തെ ഏറ്റുമുട്ടലിലാണ് അതിഖ് അഹമ്മദിന്റെ മകനും സഹായിയും വ്യാഴാഴ്ച കൊല്ലപ്പെട്ടത്. അതേസമയം, അതിഖ് അഹമ്മദിനെയും തന്നെയും ജയിലിൽ നിന്ന് പുറത്തിറക്കി കൊല്ലുമെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞെന്ന് അഷ്റഫ് വെളിപ്പെടുത്തിയിരുന്നുവെന്ന് അഭിഭാഷകന്റെ പ്രസ്താവന വീണ്ടും യോഗി സർക്കാരിന്റെ എൻകൗണ്ടർ രാജിലേക്ക് വിരൽചൂണ്ടുകയാണ്. താൻ കൊല്ലപ്പെട്ടാൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നൽകാൻ സമാജ്‌വാദി പാർട്ടി മുൻ എം.പി അതിഖ് അഹമ്മദ് കത്തെഴുതിവെച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറയുന്നത്.

അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും ശനിയാഴ്ച രാത്രി പ്രയാഗ്‌രാജിലേക്ക് മെഡിക്കല്‍ പരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയാണ് മൂന്നംഗ സംഘം വെടിവെച്ചുകൊന്നത്. മാധ്യമപ്രവർത്തകരെന്ന വ്യാജേനയെത്തിയ മൂന്നു പേരാണ് പോയിന്‍റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്തത്. വെടിയുതിര്‍ക്കുന്നതിനിടെ ജയ് ശ്രീറാം എന്ന് കൊലയാളികള്‍ പറയുന്നുണ്ടായിരുന്നു. ലവ്‌ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റകൃത്യവും ക്രിമിനലുകളെയും തുടച്ചു നീക്കുമെന്ന യോഗിയുടെ പ്രതിജ്ഞ നിയമത്തെ നോക്കുകുത്തിയാക്കുകയാണോ എന്ന് തന്നെയാണ് അവസാനത്തെ എൻകൗണ്ടർ കൊലയും ഉയർത്തുന്ന ചോദ്യം.

Similar Posts