കൂട്ടുകാർക്കൊപ്പം കബഡി കളിക്കുന്നതിനിടെ 19-കാരൻ കുഴഞ്ഞുവീണ് മരിച്ചു
|കോളജ് ഗ്രൗണ്ടിൽ കബഡി മത്സരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് തനൂജ് കുഴഞ്ഞുവീഴുന്നത്
ബംഗളൂരു: കർണ്ണാടകയിൽ കബഡി കളിക്കുന്നതിനിടെ 19 കാരനായ ഫാർമസി വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. ബാലാജി കോളജ് ഓഫ് ഫാർമസിയിലെ ഒന്നാം വർഷ ഫാർമസി വിദ്യാർഥി തനൂജ് കുമാർ നായിക് ആണ് ഹൃദയാഘാതം മൂലം മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളജ് ഗ്രൗണ്ടിൽ കബഡി മത്സരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് തനൂജ് കുഴഞ്ഞുവീഴുന്നത്. തുടർന്ന് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ശ്രീ സത്യസായി ജില്ലയിലെ മദകശിറ സ്വദേശിയാണ് മരിച്ച തനൂജ് കുമാർ നായിക്. കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ തനൂജ് സുഹൃത്തുക്കൾക്കൊപ്പം കബഡി കളിക്കുമ്പോഴാണ് അപകടം. ഇതിന്റെ വീഡിയോ ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. തനൂജ് സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതും പെട്ടന്ന് പിറകിലേക്ക് മറിഞ്ഞുവീഴുന്നതും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിക്ക് ഉടൻ പ്രാഥമിക ശുശ്രൂഷ നൽകിയിരുന്നെന്നും പിന്നീട് അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീധറിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
എന്നാൽ നില ഗുരുതരമായതിനാൽ വിദ്യാർഥിയെ ബംഗളൂരുവിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ബംഗളൂരുവിലേക്ക് മാറ്റിയത്. അഞ്ചുദിവസം കോമയില്‍ തുടര്‍ന്ന തനൂജ് ചൊവ്വാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു.