India
191 BJP, 143 Congress LS poll candidates face criminal cases
India

191 ബിജെപി സ്ഥാനാർഥികളും 143 കോൺഗ്രസ്‌ സ്ഥാനാർഥികളും ക്രിമിനൽ കേസ് പ്രതികൾ

Web Desk
|
29 May 2024 4:17 PM GMT

കൊലപാതകം, കൊലപാതകശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, വിദ്വേഷ പ്രസംഗം എന്നിവയുമായി ബന്ധപ്പെട്ട കേസുകളും ഇതിലുൾപ്പെടുന്നു.

ന്യൂ‍ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ 191 ബിജെപി സ്ഥാനാർഥികളും 143 കോൺ​ഗ്രസ് സ്ഥാനാർഥികളും ക്രിമിനൽ കേസ് പ്രതികൾ. 440 ബിജെപി സ്ഥാനാർഥികളിലാണ് ഇത്രയും പേർക്കെതിരെ ക്രിമിനൽ കേസുള്ളത്. സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളെ അടിസ്ഥാനമാക്കി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട റിപ്പോർട്ടിലാണ് കണക്കുകൾ.

കൊലപാതകം, കൊലപാതകശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, വിദ്വേഷ പ്രസംഗം എന്നിവയുമായി ബന്ധപ്പെട്ട കേസുകളും ഇതിലുൾപ്പെടുന്നു. ആകെ ബിജെപി സ്ഥാനാർഥികളുടെ 43 ശതമാനത്തിനെതിരെയാണ് ക്രിമിനൽ കേസുള്ളത്. കോൺഗ്രസിന്റെ 327 സ്ഥാനാർഥികളിൽ 44 ശതമാനം പേരാണ് ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ളത്.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഒരു ​ഗണ്യമായ വിഭാ​ഗം തങ്ങൾക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് തെര. കമ്മീഷന്റെ വെബ്‌സൈറ്റിൽ നിന്ന് ലഭിച്ച ഡാറ്റ വ്യക്തമാക്കുന്നതായി എഡിആർ പറഞ്ഞു.

ഗുരുതരമായ ക്രിമിനൽ കേസുകൾ നേരിടുന്ന സ്ഥാനാർഥികളുടെ എണ്ണവും റിപ്പോർട്ടിൽ പറയുന്നുണ്ട്. തെരഞ്ഞെടുപ്പിൽ ആകെയുള്ള ബിജെപി സ്ഥാനാർഥികളിൽ 130 പേരും തങ്ങൾക്കെതിരെ ഗുരുതര ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കോൺഗ്രസിലെ 88 സ്ഥാനാർഥികൾക്കെതിരെയാണ് ​ഗുരുതര ക്രിമിനൽ കേസുകളുള്ളത്.

സമാജ്‌വാദി പാർട്ടിയുടെ 71 സ്ഥാനാർഥികളിൽ 40 പേർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇവരിൽ 30 പേർ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ്. സിപിഎമ്മിന്റെ 52 സ്ഥാനാർഥികളിൽ 33 പേരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇതിൽ 18 പേർ ഗുരുതര കേസുകളിലും ഉൾപ്പെട്ടവരാണ്. തൃണമൂൽ കോൺഗ്രസിലെ 48 സ്ഥാനാർഥികളിൽ 20 പേർക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ട്. ഇവരിൽ 12 പേരാണ് ​ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ളത്.

Similar Posts