സൽമാൻ ഖാന്റെ വീടിന് നേരെ വെടിവച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ
|അക്രമകാരികൾ ഉപയോഗിച്ച തോക്കും ഏതാനും തിരകളും കഴിഞ്ഞദിവസം പൊലീസ് കണ്ടെടുത്തിരുന്നു.
മുംബൈ: ബോളിവുഡ് നടന്‍ സൽമാൻ ഖാന്റെ വീടിന് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിൽ. സുഭാഷ് ചന്ദെർ (37), അനുജ് താപൻ (32) എന്നിവരാണ് പഞ്ചാബിൽ നിന്ന് അറസ്റ്റിലായത്. വെടിവയ്ക്കാൻ അക്രമകാരികൾക്ക് തോക്കും വെടിയുണ്ടകളും നൽകിയത് ഇവരാണെന്ന് പൊലീസ് പറഞ്ഞു.
അക്രമകാരികൾ ഉപയോഗിച്ച തോക്കും ഏതാനും തിരകളും കഴിഞ്ഞദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഗുജറാത്തിലെ താപി നദിയിൽ നിന്നും മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ചാണ് തോക്കും തിരകളും കണ്ടെടുത്തത്. വെടിയുതിർത്ത വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരെ ഏപ്രിൽ 14ന് ഗുജറാത്തിൽ നിന്ന് പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
വെടിവെപ്പിന് ശേഷം മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗം സൂറത്തിലെത്തിയ ശേഷം ട്രെയിനില്‍ ഭുജിലേക്ക് രക്ഷപ്പെടുമ്പോള്‍ റെയില്‍വേ പാലത്തില്‍ നിന്ന് താപി നദിയിലേക്ക് തോക്ക് എറിഞ്ഞതായി ഇരുവരും ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് മുങ്ങല്‍ വിദഗ്ധരെ ഏര്‍പ്പെടുത്തിയത്.
പ്രതികൾ തിരിച്ചറിയപ്പെടാതിരിക്കാൻ മൂന്ന് തവണ വസ്ത്രം മാറിയെന്ന് പ്രാദേശിക കോടതിയിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇരുവർക്കും ആകെ 40 ബുള്ളറ്റുകൾ ഉണ്ടായിരുന്നു. അതിൽ അഞ്ചെണ്ണമാണ് ഉപയോഗിച്ചത്. ഇതുവരെ 17 വെടിയുണ്ടകൾ കണ്ടെടുത്ത പൊലീസ് ബാക്കിയുള്ളവയ്ക്കായി തെരച്ചിൽ തുടരുകയാണ്.
മാർച്ച് 17 ഞായറാഴ്ച രാവിലെയാണ് നടന്റെ മുംബൈയിലെ ബാന്ദ്രയിലെ വസതിക്ക് നേരെ വെടിവെപ്പ് നടന്നത്. പുലർച്ചെ അഞ്ചു മണിയോടെയാണ് ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് മുൻപിൽ, ബൈക്കിലെത്തിയ രണ്ടുപേർ വെടിവെപ്പ് നടത്തിയത്. അഞ്ച് റൗണ്ട് വെടിയുതിർത്ത ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിന്റെ നിർദേശപ്രകാരമാണ് ഇരുവരും പ്രവർത്തിച്ചതെന്നാണ് വിവരം. ലോറൻസ് ബിഷ്‌ണോയ് ജയിലിലാണെങ്കിലും ഇയാളുടെ സഹോദരൻ അൻമോലാണ് വെടിവെപ്പ് സംഘത്തെ ഒരുക്കിയത്. കേസിൽ ഇയാളെക്കൂടി പിടികൂടേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, രണ്ട് തോക്കുകൾ അക്രമി സംഘത്തിന് കൈയിലുണ്ടായിരുന്നുവെങ്കിലും ഒന്ന് മാത്രമെ ഉപയോഗിച്ചുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. സാഗർ പാൽ അപാർട്ട്മെന്റിന് നേരെ വെടിയുതിർക്കുമ്പോൾ വിക്കി ഗുപ്ത, ബൈക്ക് സ്റ്റാർട്ട് ചെയ്ത് രക്ഷപ്പെടാൻ തയാറായി നിൽക്കുകയായിരുന്നു.
അതേസമയം, വെടിവയ്പ്പ് നടത്തി സല്‍മാന്‍ഖാനെ ഭയപ്പെടുത്തുക എന്ന ഉദ്ദേശ്യം മാത്രമെ സംഘത്തിനുണ്ടായിരുന്നുള്ളൂവെന്നും ഇതിന് ഒരു ലക്ഷം പ്രതിഫലം വാങ്ങിയെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ആക്രമണത്തിന് മുമ്പ് ഇരുവരും പൻവേലിലുള്ള സല്‍മാന്‍ ഖാന്റെ ഫാം നിരീക്ഷിച്ചിരുന്നു. പ്രതികൾ ഒന്നിലധികം സിം കാർഡുകൾ വാങ്ങുകയും വിവിധ സ്ഥലങ്ങളിൽ അവ ഇടയ്ക്കിടെ മാറ്റുകയും ചെയ്തു. വധശ്രമത്തിനും ഭീഷണിക്കുമാണ് മുംബൈ ക്രൈംബ്രാഞ്ച് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.