ഇന്ത്യ- പാക് മത്സരം; ഓടുന്ന വാഹനത്തിൽ വാതുവെപ്പ് റാക്കറ്റ് നടത്തിയ യുവാക്കൾ അറസ്റ്റിൽ
|ഒരു ഓഫീസിലിരുന്ന് ഇത്തരം പ്രവർത്തനം നടത്തുന്ന പരമ്പരാഗത രീതി ഉപേക്ഷിച്ചായിരുന്നു പ്രതികളുടെ പുതിയ നീക്കം.
കൊൽക്കത്ത: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പ് മത്സരത്തിനിടെ ഓടുന്ന വാഹനത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വാതുവെപ്പ് റാക്കറ്റ് നടത്തിയ യുവാക്കൾ അറസ്റ്റിൽ. സത്യേന്ദ്ര യാദവ് (29), സുമിത് സിങ് (33) എന്നിവരെയാണ് കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന), 420 (വഞ്ചന) എന്നിവയും പശ്ചിമബംഗാൾ ഗാംബ്ലിങ് ആന്റ് പ്രൈസ് കോമ്പറ്റീഷൻസ് ആക്ട്- 1957ലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കൊൽക്കത്തയിൽ വാതുവെപ്പ് റാക്കറ്റ് നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന്, കൊൽക്കത്ത പൊലീസിന്റെ സംഘം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാറിനെ പിന്തുടരുകയും വാട്ടർലൂ സ്ട്രീറ്റിന് സമീപം തടയുകയും ചെയ്തു.
കാർ പരിശോധിച്ച പൊലീസ്, മൂന്ന് മൊബൈൽ ഫോണുകളും മറ്റ് വസ്തുക്കളും കണ്ടെടുക്കുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വാതുവെപ്പ് റാക്കറ്റിന് ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒരു ഓഫീസിലിരുന്ന് ഇത്തരം പ്രവർത്തനം നടത്തുന്ന പരമ്പരാഗത രീതി ഉപേക്ഷിച്ചായിരുന്നു അധികാരികളിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രതികളുടെ പുതിയ നീക്കം. ശനിയാഴ്ച നടന്ന ഇന്ത്യ- പാക് മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഇന്ത്യ 266ന് പുറത്താവുകയും മറുപടി ബാറ്റിങ്ങിന് ഇറങ്ങാൻ മഴ മൂലം പാകിസ്താന് സാധിക്കാതെ വരികയുമായിരുന്നു.
ഇതോടെ, ഇരു ടീമുകളും പോയിന്റ് പങ്കിടുകയും 2023 ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ നേടിയ വിജയത്തെ തുടർന്ന് പാകിസ്താൻ സൂപ്പർ ഫോറിലേക്ക് കടക്കുകയും ചെയ്തു.