India
ചില എം.എല്‍.എമാര്‍ വന്നതേയില്ല, ചിലരെത്തിയത് വൈകി: വിശ്വാസ വോട്ടെടുപ്പില്‍ രണ്ടക്കത്തിലൊതുങ്ങി അഗാഡി സഖ്യം
India

ചില എം.എല്‍.എമാര്‍ വന്നതേയില്ല, ചിലരെത്തിയത് വൈകി: വിശ്വാസ വോട്ടെടുപ്പില്‍ രണ്ടക്കത്തിലൊതുങ്ങി അഗാഡി സഖ്യം

Web Desk
|
4 July 2022 8:41 AM GMT

ഇന്നലെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നേടിയ 107 വോട്ട് പോലും അഗാഡി സഖ്യത്തിന് നേടാനായില്ല.

മുംബൈ: പ്രമുഖ കോണ്‍ഗ്രസ് എംഎല്‍എമാരായ അശോക് ചവാനും വിജയ് വഡെറ്റിവാറും മഹാരാഷ്ട്ര നിയമസഭയിലെത്തിയത് വിശ്വാസ വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം. സ്പീക്കർ തെരഞ്ഞെടുപ്പില്‍ ഇന്നലെ ഹാജരായ കോൺഗ്രസ് എംഎൽഎമാരായ സീഷൻ സിദ്ദിഖ്, ധീരജ് ദേശ്മുഖ്, എന്‍സിപി എംഎല്‍എ സംഗ്രം ജഗ്താപ് എന്നിവര്‍ ഇന്ന് സഭയില്‍ എത്തിയതേയില്ല.

എൻ.സി.പിയുടെ നവാബ് മാലിക്, അനിൽ ദേശ്മുഖ്, ദത്താത്രയ് വിഠോബ ഭാർനെ, നിലേഷ് ജ്ഞാനദേവ് ലങ്കെ, അന്ന ബൻസോഡെ, ദിലീപ് ദത്താത്രയ് മൊഹിതേ, ബാബൻ ഷിൻഡെ, ബി.ജെ.പിയുടെ മുക്ത തിലക്, ലക്ഷ്മൺ ജഗ്തപ്, കോൺഗ്രസിലെ പ്രണീതി ഷിന്ദേ, രഞ്ജിത് കാംബ്ലേ, എഐഎംഐഎമ്മിന്റെ മുഫ്തി ഇസ്മായിൽ ഖാസ്മി എന്നിവരും പല കാരണങ്ങളാല്‍ സഭയിലെത്തിയില്ല.

ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് 164 പേരുടെ പിന്തുണ ലഭിച്ചു. ശിവസേനയിലെ 40 എംഎൽഎമാരുടെ പിന്തുണ ഉള്‍പ്പെടെയാണിത്. ഉദ്ധവ് പക്ഷം-എന്‍സിപി- കോണ്‍ഗ്രസ് സഖ്യത്തിന് 99 പേരുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂ. ഇന്നലെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നേടിയ 107 വോട്ട് പോലും അഗാഡി സഖ്യത്തിന് നേടാനായില്ല.

വിശ്വാസ വോട്ടിനെ അനുകൂലിച്ചു വോട്ട് ചെയ്യണമെന്ന വിപ്, ശിവസേനയിലെ ഷിൻഡെ പക്ഷത്തെ ഭാരത് ഗോഗോവാല എല്ലാ ശിവസേന എംഎൽഎമാർക്കും നൽകിയിരുന്നു. വിശ്വാസ വോട്ടിനെ എതിർത്ത് വോട്ട് ചെയ്യണമെന്ന വിപ് ഉദ്ധവ് പക്ഷത്തെ സുനിൽ പ്രഭു, ഷിൻഡെ വിഭാഗത്തിനും നൽകി. ഉദ്ധവ് പക്ഷത്തെ ശിവസേന എംഎൽഎമാർ വിപ് ലംഘിച്ചെന്ന ഷിൻഡെ പക്ഷത്തെ പരാതി, സ്പീക്കർ രാഹുൽ നർവേക്കാർ അംഗീകരിച്ചു. നോട്ടീസ് അയക്കാൻ തീരുമാനിച്ചു. സ്പീക്കറുടെ ഈ തീരുമാനത്തിന് എതിരെ ഉദ്ധവ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചു. മഹാരാഷ്ട്ര നിയമസഭയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഈ മാസം 11ന് സുപ്രിംകോടതി ഒരുമിച്ചു കേൾക്കും.

Related Tags :
Similar Posts