10 വർഷം, ഒരേ നാട്, രണ്ട് സമാന സംഭവങ്ങൾ; കൊടുംക്രൂരതയിൽ മക്കളെ നഷ്ടമായ അമ്മമാർ കണ്ടുമുട്ടി
|ഒരേ വേദന പേറുന്ന രണ്ട് മാതൃഹൃദയങ്ങളുടെ കൂടിക്കാഴ്ച ഏവരേയും കണ്ണീരണിയിക്കുന്നതായിരുന്നു.
ന്യൂഡൽഹി: പത്ത് വർഷം മുമ്പ് രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു ഡൽഹി കൂട്ടബലാത്സംഗ കൊലപാതകം. നിർഭയ എന്ന പേരിൽ പിന്നീടറിയപ്പെട്ട പെൺകുട്ടിയെ ഓടുന്ന ബസിൽ 2012 ഡിസംബർ 16ന് രാത്രിയാണ് ഡൽഹിയിലെ തിരക്കേറിയ റോഡിൽ ആറ് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
23കാരിയായ ഫിസിയോതെറാപ്പി വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയ പ്രതികൾ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് വടി കുത്തിയിറക്കുകയും ചെയ്തിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഡിസംബർ 29ന് പെൺകുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു. ബലാത്സംഗം നടന്നില്ലെങ്കിലും അതേ സ്ഥലത്ത് കൊടുംക്രൂരതയ്ക്ക് ഇരയായി മകളെ നഷ്ടമായ മറ്റൊരു അമ്മയുമുണ്ട് ഇന്ന് ഡൽഹിയിൽ.
പുതുവത്സര ദിനത്തിലായിരുന്നു രാജ്യത്തെ നടുക്കിയ ആ കൊടുംക്രൂരത രാജ്യ തലസ്ഥാനത്ത് അരങ്ങേറിയത്. പുതുവത്സരം പ്രമാണിച്ച് കനത്ത പൊലീസ് സുരക്ഷയുണ്ടായിരുന്ന ഡൽഹിയിലാണ് ഉദ്യോഗസ്ഥരുടെ മൂക്കിൻതുമ്പിൽ ഒരു പെൺകുട്ടിയെ കാറിടിച്ച് കൊലപ്പെടുത്തി 12 കി.മീറ്ററോളം മൃതദേഹം വലിച്ചിഴച്ച സംഭവം നടന്നത്.
2012ൽ രാജ്യം നടുങ്ങിയ കൊടുംക്രൂരതയിലൂടെ മകളെ നഷ്ടമായ അമ്മയും 10 വർഷത്തിനിപ്പുറം അഞ്ച് യുവാക്കളുടെ ക്രൂരതയ്ക്ക് ഇരയായി മകളെ നഷ്ടമായ അമ്മയും തമ്മിൽ കണ്ടുമുട്ടിയിരിക്കുകയാണ്. ഒരേ വേദന പേറുന്ന രണ്ട് മാതൃഹൃദയങ്ങളുടെ കൂടിക്കാഴ്ച ഏവരേയും കണ്ണീരണിയിക്കുന്നതായിരുന്നു.
നിർഭയയുടെ അമ്മയാണ് ഡൽഹിയിൽ കൊല്ലപ്പെട്ട അഞ്ജലിയുടെ വീട്ടിലെത്തിയത്. ''അഞ്ജലി എന്റെ മകളെ പോലെയാണ്. അവൾ ആ അഞ്ച് കൊടുംക്രൂരന്മാരാൽ ഒരുപാട് വേദന തിന്നാണ് മരണപ്പെട്ടത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയാവശ്യമാണ്. അതിനായി പോരാട്ടം തുടരണം. ഞാൻ അവളുടെ അമ്മയ്ക്കൊപ്പമുണ്ട്. നിലവിൽ അവളുടെ കുടുംബത്തിന് കുറച്ച് സാമ്പത്തിക സഹായം ആവശ്യമുണ്ട്. അഞ്ജലിയായിരുന്നു അഞ്ച് സഹോദരിമാരും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണി''- അവർ പറഞ്ഞു.
''എന്റെ മകളുടെ കേസ് 2012ലേതിന് സമാനമാണ്. ഞങ്ങൾ നിസ്സഹയരാണ്. എല്ലാവരുടേയും സഹായവും പിന്തുണയും ഞങ്ങൾക്ക് വേണം''- അഞ്ജലിയുടെ മാതാവ് പറഞ്ഞു. നിർഭയ കേസിലെ നാല് പ്രതികൾക്ക് 2013 സെപ്‌തംബർ 31ന് അഡീഷണൽ സെഷൻസ് ജഡ്‌ജ് യോഗേഷ് ഖന്ന വധശിക്ഷ വിധിച്ചിരുന്നു.
2014 മാർച്ച് 13ന് ഡൽഹി ഹൈക്കോടതി ബെഞ്ച് വധശിക്ഷ അംഗീകരിക്കുകയും ഈ വിധി 2017ൽ സുപ്രിംകോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. മറ്റ് രണ്ട് പേരിൽ രാംസിങ് എന്ന പ്രതി വിചാരണ കാലയളവിൽ തീഹാർ ജയിലിൽ തൂങ്ങി മരിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത ആറാമനെ 2013 ആഗസ്ത് 31ന് മൂന്നു വർഷം ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയയ്ക്കാൻ വിധിച്ചിരുന്നു.
പുതുവത്സര ദിനത്തിലെ കൊലയിൽ ബി.ജെ.പി നേതാവ് അടക്കം അഞ്ച് പേരാണ് അറസ്റ്റിലായിട്ടുള്ളത്. ബി.ജെ.പി നേതാവ് മനോജ് മിത്തൽ (27), ദീപക് ഖന്ന (26), അമിത് ഖന്ന (25), ക്രിഷൻ (27), മിഥുൻ (26) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ കാറിടിച്ച് കൊന്ന ശേഷം സുൽത്താൻപുരി മുതൽ കാഞ്ജവാല വരെയാണ് കാറിൽ കെട്ടിവലിച്ചത്.