India
മാനസികാരോഗ്യ കേന്ദ്രത്തില്‍ മൊട്ടിട്ട പ്രണയം; ഒടുവില്‍ മഹേന്ദ്രനും ദീപയും ഒന്നായി, സമ്മാനവുമായി മന്ത്രിയെത്തി
India

മാനസികാരോഗ്യ കേന്ദ്രത്തില്‍ മൊട്ടിട്ട പ്രണയം; ഒടുവില്‍ മഹേന്ദ്രനും ദീപയും ഒന്നായി, സമ്മാനവുമായി മന്ത്രിയെത്തി

Web Desk
|
29 Oct 2022 3:38 AM GMT

തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യനാണ് താലിമാല എടുത്തുകൊടുത്തത്

ചെന്നൈ: ചെന്നൈ മാനസികാരോഗ്യ ആശുപത്രിയില്‍ അന്തേവാസികളായിരുന്ന രണ്ടു പേര്‍ വെള്ളിയാഴ്ച വിവാഹിതരായി. ആശുപത്രിയുടെ 228 വര്‍ഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു വിവാഹം നടന്നത്. ചെന്നൈയിലെ കിൽപോക്ക് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെൽത്ത് (ഐഎംഎച്ച്) കാമ്പസിനുള്ളിലെ ക്ഷേത്രത്തിൽ വച്ചാണ് 42കാരനായ പി.മഹേന്ദ്രനും 36കാരിയായ ദീപയും വിവാഹിതരായത്.

തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യനാണ് താലിമാല എടുത്തുകൊടുത്തത്. മന്ത്രി പി.കെ ശേഖർ ബാബു, എം.പി ദയാനിധി മാരൻ ഉൾപ്പെടെയുള്ളവര്‍ വിവാഹത്തിൽ പങ്കെടുത്തു. രണ്ടു വര്‍ഷം മുന്‍പാണ് മഹേന്ദ്രനും ദീപയും ചികിത്സ തേടി ആശുപത്രിയിലെത്തുന്നത്. രോഗം ഭേദമായതോടെ ഇവിടെയുള്ള ഡേ കെയര്‍ സെന്‍റര്‍ എന്ന പുനരധിവാസ കേന്ദ്രത്തില്‍ ജോലി ചെയ്യുകയായിരുന്നു. അസുഖം ഭേദമായവര്‍ക്ക് തയ്യല്‍,ബാഗ് നിര്‍മാണം, മെഴുതിരി നിര്‍മാണം എന്നിവയില്‍ പരിശീലനം നല്‍കിയിരുന്നു. ദീപയുടെ രോഗവും ഭേദമായതോടെ അവരും ഡേ കെയറില്‍ പരിശീലനത്തിനായി എത്തി. എം.എ .ബി.എഡുകാരിയായ ദീപക്ക് അച്ഛന്‍ മരിച്ചതിനു ശേഷമാണ് മാനസികാസ്വാസ്ഥ്യമുണ്ടാകുന്നത്. മഹേന്ദ്രന്‍ ബിസിനസ് സ്റ്റഡീസില്‍ ബിരുദാനന്തരബിരുദവും എം.ഫിലും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

തന്‍റെ അച്ഛനെപ്പോലെ നോക്കുന്നൊരാളാണ് മഹേന്ദ്രനെന്നാണ് ദീപയുടെ അഭിപ്രായം. "അദ്ദേഹത്തോട് ഒന്നും ചോദിക്കേണ്ട കാര്യമില്ല, അതിനു മുന്‍പേ അദ്ദേഹം അതു ചെയ്തു തരും. വളരെ കരുതലുള്ളവനാണ്'' ദീപ പറയുന്നു. ഇവരുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയെങ്കിലും മഹേന്ദ്രനെ തുല്യപങ്കാളിയായി കാണുന്നുവെന്ന് ദീപ പറഞ്ഞതോടെ സമ്മതിക്കുകയായിരുന്നുവെന്ന് ഐഎംഎച്ച് ഡയറക്ടർ ഇൻചാർജ് പൂര്‍ണ ചന്ദ്രിക പറഞ്ഞു. "മാനസിക രോഗത്തെ ചുറ്റിപ്പറ്റി ധാരാളം മിഥ്യാധാരണകളുണ്ട്. ആദ്യം മാനസികരോഗി എന്നൊരാളെ മുദ്ര കുത്തിയാല്‍ പിന്നെ രോഗം മാറിയാലും അയാള്‍ക്ക് അതില്‍ നിന്നും മോചനമില്ല. ഈ വിവാഹം എല്ലാ കെട്ടുകഥകളും തള്ളിക്കളഞ്ഞു. ഇത് ശുഭാപ്തിവിശ്വാസമാണ്, മാനസികരോഗമുള്ള ആളുകൾക്ക് ഇപ്പോഴും വിവാഹം കഴിക്കാനും ജീവിതം നയിക്കാനും കഴിയും'' ചന്ദ്രിക കൂട്ടിച്ചേര്‍ത്തു.

മഹേന്ദ്രൻ ഡേ കെയർ സെന്‍ററിലാണ് ജോലി ചെയ്യുന്നത്. ദീപ കമ്മ്യൂണിറ്റി കഫേയായ കഫേ ആർവിവിലും. ഐഎംഎച്ചിന് എതിർവശത്തുള്ള പെറ്റ് ഹോസ്പിറ്റലിലും മഹേന്ദ്രന്‍ പാർട്ട് ടൈം ജോലി ചെയ്യുന്നു. ഇരുവരും ഉടന്‍ തന്നെ ഒരു വാടകവീട്ടിലേക്ക് താമസം മാറ്റും. ആശുപത്രി ജീവനക്കാര്‍ തന്നെയാണ് ഈ വീട് സജ്ജീകരിച്ചിരിക്കുന്നത്. വിവാഹസമ്മാനമായി സര്‍ക്കാര്‍ മഹേന്ദ്രന് ജോലിയും നല്‍കിയിട്ടുണ്ട്. മഹേന്ദ്രന്‍ ഇനി ഐഎംഎച്ച് വാർഡുകളിൽ കരാർ തൊഴിലാളിയായി ജോലി ചെയ്യും.

Similar Posts