India
2 jds candidates withdraw nomination karnataka, karnataka assembly election updates
India

കർണാടകയിൽ രണ്ടു ജെ.ഡി.എസ് സ്ഥാനാര്‍ഥികള്‍ പാർട്ടി അനുമതിയില്ലാതെ പത്രിക പിൻവലിച്ചു

Web Desk
|
25 April 2023 10:40 AM GMT

ഗോകകിലെ ജെ.ഡി.എസ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെത്തുമെന്നാണ് സൂചന

ബംഗളൂരു: കർണാടകയിൽ ജെ.ഡി.എസിന് തിരിച്ചടി. പാർട്ടി അനുമതിയില്ലാതെ രണ്ട് സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു. ബലേഗാവിലെ ഗോകകിലെ സ്ഥാനാർഥി ചന്ദൻ ഗിദ്ദനാവര്‍ ജെ.ഡി.എസ് വിട്ട് കോൺഗ്രസിലേക്ക് ചേക്കേറുമെന്നാണ് സൂചന.

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ രമേശ് ജാര്‍ക്കിഹോളിയുടെ മണ്ഡലമാണ് ഗോകക്. ആറു തവണ ഇദ്ദേഹം ഗോകക് മണ്ഡലത്തില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. ഈ മണ്ഡലത്തിലെ പോരാട്ടം കോണ്‍ഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. ജെ.ഡി.എസ് സ്ഥാനാര്‍ഥി പിന്‍മാറിയതോടെ ഇവിടെ മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ്. ജെ.ഡി.എസ് സ്ഥാനാര്‍ഥി പിന്മാറിയതോടെ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കപ്പെടാതെ തങ്ങളുടെ പെട്ടിയിലാവും എന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. മഹാന്തേഷ് കദാടിയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

ഉള്ളാളിലെ സ്ഥാനാർഥി അൽത്താഫ് കുമ്പളയും പത്രിക പിൻവലിച്ചു. കോൺഗ്രസ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയാണ് പത്രിക പിൻവലിച്ചത് എന്നാണ് അൽത്താഫിന്റെ പ്രതികരണം. ഏപ്രില്‍ 21ന് പത്രിക പിന്‍വലിച്ച അല്‍ത്താഫ്, ഏപ്രില്‍ 24നാണ് മാധ്യമങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

ഏപ്രിൽ 21ന് വീട്ടിലേക്ക് മടങ്ങുമ്പോൾ കോൺഗ്രസ് പ്രവർത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോയി റിട്ടേണിങ് ഓഫീസറുടെ ഓഫീസിലെത്തിച്ച് നാമനിർദേശ പത്രിക പിൻവലിക്കാൻ നിർബന്ധിച്ചെന്നാണ് അല്‍ത്താഫ് പറയുന്നത്- "ഞാൻ ഒരു പാവമാണ്, എനിക്ക് സ്വന്തമായി വീട് പോലുമില്ല. ഭീഷണി സന്ദേശങ്ങളും കോളുകളും എന്നെ ശരിക്കും അസ്വസ്ഥനാക്കി". പാര്‍ട്ടി അറിയാതെയാണ് ഇരുവരും പിന്മാറിയതെന്നും ഇരുവരെയും പുറത്താക്കുമെന്നും ജെ.ഡി.എസ് നേതൃത്വം പ്രതികരിച്ചു.

Similar Posts