ആയുധധാരികൾക്കൊപ്പം സെൽഫിയെടുത്ത പൊലീസുകാരന് സസ്പെൻഷൻ; മണിപ്പൂരിൽ സംഘര്‍ഷം, രണ്ട് മരണം
|പ്രതിഷേധക്കാർ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസ് വളയുകയും ബസിനും മറ്റ് കെട്ടിടങ്ങള്‍ക്കും തീയിടുകയുമായിരുന്നു.
ഇംഫാൽ: മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ സുരക്ഷാസേനയും പ്രദേശവാസികളും തമ്മിൽ ഏറ്റുമുട്ടലിൽ രണ്ടുപേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. ആയുധധാരികൾക്കൊപ്പം സെൽഫിയെടുത്ത പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്ത സംഭവത്തിലാണ് പ്രദേശവാസികൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. ചുരാചന്ദ്പൂർ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായ സിയാംലാൽ പോൾ എന്ന ഉദ്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസ് വളയുകയും ബസിനും മറ്റ് കെട്ടിടങ്ങള്‍ക്കും തീയിടുകയുമായിരുന്നു.
ജില്ലയിൽ സംഘർഷാവസ്ഥ ഇപ്പോഴും നിലനിൽക്കുന്നതായി പൊലീസ് അറിയിച്ചു.അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചിട്ടുണ്ട്. ഫെബ്രുവരി 14 നാണ് സിയാംലാൽപോൾ ആയുധധാരികൾക്കൊപ്പം വീഡിയോയും സെൽഫിയുമെടുത്തത്. ഇത് വൈറലായതിന് പിന്നാലെ അദ്ദേഹത്തിനെ സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇംഫാലിൽ നിന്ന് 65 കിലോമീറ്റർ അകലെയുള്ള ചുരാചന്ദ്പൂരിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതായി മണിപ്പൂർ പൊലീസ് എക്സിൽ അറിയിച്ചു. നിരവധി പ്രതിഷേധക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.
'ഏകദേശം 300-400 പേരുള്ള ഒരു ജനക്കൂട്ടംചുരാചന്ദ്പൂർ എസ്പി ഓഫീസ് ആക്രമിക്കാൻ ശ്രമിക്കുകയും കല്ലെറിയുകയും ചെയ്തു. ആർ.എ.എഫ് ഉൾപ്പെടെയുള്ള സുരക്ഷാ സേന അക്രമികളെ നിയന്ത്രിക്കാൻ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. സ്ഥിതിഗതികൾ നിരീക്ഷണത്തിലാണ്,' മണിപ്പൂർ പൊലീസ് എക്സിൽ പങ്കിട്ട പോസ്റ്റിൽ അറിയിച്ചു.
മണിപ്പൂരിലെ വർഗീയ സംഘർഷങ്ങളിൽ ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് കുക്കി-സോ ഗോത്രവിഭാഗങ്ങൾക്ക് ആധിപത്യമുള്ള ചുരാചന്ദ്പൂർ.