India
2 more arrested in Manipur sexual assault case
India

കുക്കി യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം; രണ്ടു പേർ കൂടി അറസ്റ്റിൽ

Web Desk
|
20 July 2023 4:12 PM GMT

നേരത്തെ പ്രധാന പ്രതിയായ ഹെറാദാസ്(32)നെയും മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

ഇംഫാൽ: മണിപ്പൂരിൽ കുക്കി യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. നേരത്തെ പ്രധാന പ്രതിയായ ഹെറാദാസ്(32)നെയും മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഇതുവരെ നാലുപേരാണ് അറസ്റ്റിലായിട്ടുള്ളത്.

മെയ് നാലിന് തലസ്ഥാനനഗരിയായ ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെ കാംഗ്‌പോക്പി ജില്ലയിലാണ് രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോയെടുത്തത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും ചെയ്തു.

നേരിട്ട ക്രൂരതയെ കുറിച്ച് പെണ്‍കുട്ടികള്‍ ഒരാള്‍: 'മെയ് 4 ന് കാങ്പോക്പി ജില്ലയിലെ തന്റെ ഗ്രാമമായ ബി ഫൈനോമിന് സമീപമാണ് സംഭവം. അക്രമകാരികള്‍ വീടുകള്‍ തീയിട്ട ശേഷമാണ് ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞത്. ജനക്കൂട്ടം ഞങ്ങളെ അക്രമിക്കാന്‍ തുടങ്ങി. ഞങ്ങളുടെ വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ ഭീഷണിപ്പെടുത്തി. വസ്ത്രം അഴിച്ചില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലുമെന്ന് പറഞ്ഞു. വസ്ത്രം അഴിപ്പിച്ചശേഷം റോഡിലൂടെ നടത്തി. വലിച്ചിഴച്ചശേഷം പുരുഷന്മാര്‍, അടുത്തുള്ള പാടത്ത് കിടക്കാന്‍ ആവശ്യപ്പെട്ടു. സ്വകാര്യ ഭാഗങ്ങളില്‍ പലതവണ കയറിപ്പിടിച്ചു. പല തവണ മര്‍ദിച്ചു. മൂന്ന് പേര്‍ ചുറ്റും വളഞ്ഞ്, അവരില്‍ ഒരാള്‍ മറ്റൊരാളോട് പറഞ്ഞു 'നമുക്ക് അവളെ ബലാത്സംഗം ചെയ്യാമെന്ന് പറഞ്ഞു'.

യുവതികളില്‍ ഒരാളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെയ് 18 ന് കാങ്പോ ജില്ലയിലെ സൈകുല്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും പൊലീസ് പ്രതികളെ പിടികൂടിയിരുന്നില്ല. തോക്കുകളുമായി എത്തിയ അക്രമകാരികളാണ് ഈ ക്രൂരത നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അവര്‍ ഗ്രാമത്തിലെ വീടുകള്‍ കത്തിച്ചു. ആള്‍കൂട്ട ആക്രമണത്തില്‍ നിന്നും അഞ്ചുപേരെ പൊലീസ് രക്ഷപ്പെടുത്തി കൊണ്ടുപോയെങ്കിലും പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തി അക്രമികള്‍ അഞ്ചുപേരെയും തട്ടികൊണ്ടുപോകുകയിരുന്നു. തുടര്‍ന്നായിരുന്നു ക്രൂരതകള്‍ എല്ലാം. മൂന്ന് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടന്നുവെന്നാണ് പരാതി. ഇരയുടെ സഹോദരന്‍ അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുകയും ചെയ്തു. ഒരു ദേശീയ മാധ്യമത്തിനോടാണ് ഇരകളില്‍ ഒരാള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ആക്രമണം നടക്കുന്നത് മണിപ്പൂരിൽ ആണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തന്റെ ഹൃദയം ദേഷ്യം കൊണ്ടും നിറയുന്നുവെന്നുമായിരുന്നു സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. മണിപ്പൂർ സംഘർഷത്തിൽ ഇതാദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നതും.

മണിപ്പൂരിലെ ലൈംഗികാതിക്രമം ദുഃഖകരമാണെന്നായിരുന്നു സുപ്രിംകോടതിയുടെ പരാമർശം. സ്ത്രീകളെ നഗ്നരാക്കി നടത്തിയത് ജനാധിപത്യ സമൂഹത്തിൽ ഉണ്ടാകാൻ പാടില്ലാത്തതാണെന്നും സർക്കാർ കടുത്ത നടപടിയെടുക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ആവശ്യപ്പെട്ടു.

Similar Posts