റിയൽ എസ്റ്റേറ്റ് ബ്രോക്കറുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ഇൻസ്റ്റഗ്രാം റീൽ; യു.പിയിൽ രണ്ട് എസ്.ഐമാർക്ക് സസ്‌പെൻഷൻ
|റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്
ഗാസിയാബാദ് (യുപി): റിയൽ എസ്റ്റേറ്റ് ബ്രോക്കറുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി അഭിനയിച്ച് ഇൻസ്റ്റഗ്രാം റീലെടുത്ത രണ്ടുപൊലീസുകാർക്ക് സസ്‌പെൻഷൻ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. സബ് ഇൻസ്‌പെക്ടർമാരായ ധർമേന്ദ്ര ശർമ, റിതേഷ് കുമാർ എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. ഇരുവരും അങ്കുർ വിഹാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്. ഗാസിയാബാദ് ജില്ലയിലെ ട്രോണിക്ക സിറ്റിയിലെ റിയൽ എസ്‌റ്റേറ്റ് ബ്രോക്കറായ സർതാസ് എന്നയാളുടെ ഇൻസ്റ്റഗ്രാം റീലിലാണ് ഇരുവരും സെക്യൂരിറ്റി ഉദ്യോഗസ്ഥരായി വേഷമിട്ടത്.
സർതാസിന്റെ ഓഫീസിൽ വെച്ചാണ് പൊലീസുകാര്‍ റീലുകൾ ചിത്രീകരിച്ചത്. സംഭവം വിവാദമായതോടെയാണ് ഇരുപൊലീസുകാർക്കെതിരെയും നടപടിയെടുത്തത്. ഇരുവരെയും സസ്‌പെൻഡ് ചെയ്യുകയും വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 351 പ്രകാരം റിയൽ എസ്റ്റേറ്റ് ബ്രോക്കർ സർതാസിനെതിരെയും കേസ് രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വിവേക് ചന്ദ് യാദവ് പറഞ്ഞു.