India
Bangalore to Delhi Vistara flight,emergency,2-year-old stops breathing on Delhi-bound Vistara flight. what happened next,വിസ്താര വിമാനം, രണ്ടുവയസുകാരിയെ രക്ഷിച്ച് ഡോക്ടര്‍മാര്‍,വിമാനയാത്രക്കിടെ ശ്വാസം നിലച്ചു
India

വിമാന യാത്രക്കിടെ രണ്ടുവയസുകാരിയുടെ ശ്വാസം നിലച്ചു; പിന്നീട് സംഭവിച്ചത്...!

Web Desk
|
28 Aug 2023 7:59 AM GMT

കുഞ്ഞിന്‍റെ ശരീരം മരവിക്കുകയും ചുണ്ടുകളും വിരലുകളും നീലനിറമാകുകയും ചെയ്തിരുന്നു

ബംഗളൂരു: ബാംഗ്ലൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രക്കിടെ രണ്ടുവയസുള്ള കുഞ്ഞിന് ശ്വാസം നിലച്ചു. അടിയന്തരമായി ലാന്റ് ചെയ്യുന്നതിന് മുമ്പ് വിമാനത്തിലുള്ള ഡോക്ടർമാരുടെ സഹായം തേടിയുള്ള അറിയിപ്പും മുഴങ്ങി. പിന്നീട് വിമാനത്തിനുള്ളില്‍ സംഭവിച്ചത് അത്ഭുതം മാത്രമായിരുന്നു.

ഞായറാഴ്ചയാണ് വിസ്താര വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഹൃദയ വൈകല്യമുള്ള രണ്ട് വയസുള്ള കുഞ്ഞിന് ശ്വാസം നിലച്ചത്. എന്തുചെയ്യണമെന്നറിയാതെ രക്ഷിതാക്കളും വിമാന ജീവനക്കാരും പകച്ചുപോയ നിമിഷമായിരുന്നു. അവിടെ ദൈവദൂതരപ്പോലെ എത്തിയത് ഒന്നല്ല, അഞ്ചു ഡോക്ടർമാരാണ്. ഇന്ത്യൻ സൊസൈറ്റി ഫോർ വാസ്‌കുലർ ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജിയുടെ ഒരു കോൺഫറൻസിൽ പങ്കെടുത്ത് മടങ്ങുന്ന ഡൽഹി എയിംസിലെ ഡോക്ടർമാരുടെ സംഘം വിമാനത്തിലുണ്ടായിരുന്നു. അതിൽ ഒരാൾ അനസ്തസിസ്റ്റും കാർഡിയാക് റേഡിയോളജിസ്റ്റുമായിരുന്നു. ജന്മനാ ഹൃദയ വൈകല്യമുള്ള കുഞ്ഞായിരുന്നു അത്. കുഞ്ഞിന് ശസ്ത്രക്രിയയും നടത്തിയിരുന്നു. യാത്രക്കിടെ കുഞ്ഞിന്റെ ബോധം പോകുകയും നാഡിമിടിപ്പ് നിലച്ച അവസ്ഥയിലുമായിരുന്നു. ശരീരം മരവിക്കുകയും കുട്ടിയുടെ ചുണ്ടുകളും വിരലുകളും നീലനിറമാകുകയും ചെയ്തിരുന്നു.

ഡോക്ടർമാരുടെ സംഘം ഉടൻ തന്നെ കുട്ടിക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകി. ഇതോടെ കുട്ടിയുടെ രക്തചംക്രമണം വീണ്ടെടുക്കാനായി. എന്നാൽ പ്രതിസന്ധി അവിടെയും അവസാനിച്ചില്ല. കുട്ടിക്ക് ഇതിനിടയിൽ ഹൃദയാഘാതമുണ്ടായി. ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ (എഇഡി) ഉപയോഗിച്ച് കുട്ടിയുടെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ ശ്രമിച്ചു. ഇതിനിടയിൽ വിമാനം നാഗ്പൂരിലേക്ക് തിരിച്ചുവിട്ടിരുന്നു. 45 മിനിറ്റോളം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടതെല്ലാം ഡോക്ടർമാർ ചെയ്തു. നാഗ്പൂരിൽ വിമാനം ലാന്റ് ചെയ്തതിന് ശേഷം ശിശുരോഗവിദഗ്ദ്ധന്റെ ചികിത്സ തേടുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന അഞ്ചു ഡോക്ടർമാരുടെ സമയോചിത ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. ഇക്കാര്യം ഡൽഹി എയിംസ് സ്ഥിരീകരിക്കുകയും ചെയ്തു. വിമാനത്തിലെ കുഞ്ഞിന്റെയും മറ്റുള്ളവരുടെയും ചിത്രങ്ങൾ സാമൂഹ്യമാധ്യമമായ എക്‌സിൽ(ട്വിറ്റർ) പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

Similar Posts