മോഷണക്കുറ്റം ആരോപിച്ച് 20 കാരനെ നാട്ടുകാർ തല്ലിക്കൊന്നു; ജാർഖണ്ഡിൽ മൂന്നുപേര്‍ അറസ്റ്റില്‍
|വ്യക്തിപരമായ വൈരാഗ്യം മൂലം മനഃപൂർവം കൊലപ്പെടുത്തിയതാണെന്ന് യുവാവിന്റെ കുടുംബം
റാഞ്ചി: റാഞ്ചിയിൽ മോഷണം ആരോപിച്ച് 20 കാരനെ ഗ്രാമവാസികൾ മർദിച്ചുകൊലപ്പെടുത്തി. വെള്ളിയാഴ്ചയാണ് യുവാവിനെ നാട്ടുകാർ ക്രൂരമായി മർദിച്ചത്. പിന്നീട് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. വാജിദ് അൻസാരി എന്നയാളാണ് മരിച്ചത്. ചാൻഹോ ബ്ലോക്കിലെ പാന്ദ്രി ഗ്രാമത്തിലാണ് വാജിദ് അൻസാരി താമസിക്കുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ...
'വെള്ളിയാഴ്ച പുലർച്ചെ വാജിദ് അൻസാരി മറ്റ് ചിലർക്കൊപ്പം മഹുവതോളിയിലെ ഒരു വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. ശബ്ദം കേട്ട് വീട്ടുടമസ്ഥൻ എഴുന്നേൽക്കുകയും ആളുകളെ വിളിച്ചുകൂട്ടുകയും ചെയ്തു. ഇതോടെ വാജിദിന്റെ കൂടെയുള്ളവർ ഓടി രക്ഷപ്പെട്ടു. വാജിദിനെ ഓടിക്കൂടിയ നാട്ടുകാർ തൂണിൽകെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നെന്ന് റൂറൽ എസ്പി നൗഷാദ് ആലം പറഞ്ഞു.
വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് വാജിദിനെ രക്ഷപ്പെടുത്തിയത്. തുടർന്ന് റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതരമായി പരിക്കേറ്റ വാജിദ് ശനിയാഴ്ച മരിക്കുകയായിരുന്നെന്നും ഡിഎസ്പി പറഞ്ഞു.
സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. ജീവൻ ഒറോൺ, മകൻ ഗോവർദ്ധൻ ഒറോൺ, അയൽവാസിയായ നന്ദു ഒറോൺ എന്നിവരാണ് അറസ്റ്റിലായത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ആൾക്കൂട്ട കൊലപാതകത്തിന് പുറമെ വാജിദിനും കൂടെയുള്ളവർക്കുമെതിരെ മോഷണ ശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് ചാൻഹോ പൊലീസ് അറിയിച്ചു. എല്ലാ വശങ്ങളും പരിഗണിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച രാവിലെ ആറോടെ 25ഓളം പേർ ചേർന്ന് വാജിദിനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതായി നാട്ടുകാർ പറഞ്ഞു. അതേസമയം,മകനോടുള്ള വ്യക്തിപരമായ വൈരാഗ്യം മൂലം മനഃപൂർവം കൊലപ്പെടുത്തിയതാണെന്ന് വാജിദിന്റെപിതാവ് ഹഫീസുൽ റഹ്മാൻ അൻസാരി ആരോപിച്ചു. മകന് ക്രിമിനൽ ഭൂതകാലമൊന്നുമില്ലെന്നും ന്യൂഡൽഹി ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയുമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.