പണാപഹരണ കേസിൽ അറസ്റ്റിലായവരിൽനിന്ന് കണ്ടെത്തിയത് ഇ.ഡി പരിശോധിച്ച കേസുകളുടെ 200ലധികം രേഖകൾ
|ഇ.ഡി നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായികളിൽനിന്നും ബിൽഡർമാരിൽനിന്നും 100 കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് സംശയം
മുംബൈ: റിയൽ എസ്റ്റേറ്റ് ഡെവലപ്പറിൽനിന്ന് 164 കോടി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവരിൽനിന്ന്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ച കേസുകളുമായി ബന്ധപ്പെട്ട 200ലധികം ഫയലുകളും രേഖകളും കണ്ടെത്തിയതായി മുംബൈ പൊലീസ് അറിയിച്ചു. ഇ.ഡിയെക്കൊണ്ട് നടപടി എടുപ്പിക്കുമെന്നും പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്നും പ്രതികൾ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
ഇ.ഡി നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായികളിൽനിന്നും ബിൽഡർമാരിൽനിന്നും 100 കോടിയിലധികം രൂപ പിടിയിലായവർ തട്ടിയെടുത്തതായാണ് പൊലീസ് സംശയിക്കുന്നത്. അറസ്റ്റിലായവരിൽ നിന്ന് കണ്ടെത്തിയ രേഖകളിൽ മഹാദേവ് വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് 30ലധികം പേരെ പ്രതികളാക്കിയ രേഖകളും ഉൾപ്പെടും.
കഴിഞ്ഞ മാസമാണ് ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു. എഫ്.ഐ.ആറിൽ ഇ.ഡി ഉദ്യോഗസ്ഥന്റെ പേരും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പരാതിക്കാരനും കേസിലെ മുഖ്യപ്രതിയും നേരത്തെ റിയൽ എസ്റ്റേറ്റ് പദ്ധതിയിൽ പങ്കാളികളായിരുന്നു. ഇരുവരും ചേർന്ന് ബാന്ദ്രയിലെ പഴയ ഹൗസിങ് സൊസൈറ്റി കെട്ടിടം നവീകരിക്കാൻ കരാറെടുത്തിരുന്നതായി പരാതിക്കാരൻ പറയുന്നു.
എന്നാൽ, മുഖ്യപ്രതിയുടെ പ്രവർത്തനം തൃപ്തികരമല്ലാത്തതിനാൽ മുഴുവൻ സ്ഥലത്തിന്റെയും വികസനാവകാശം സൊസൈറ്റി പരാതിക്കാരന് മാത്രമായി നൽകി. തുടർന്ന് പരാതിക്കാരൻ പാർട്ട്ണറുടെ എല്ലാ കുടിശ്ശികകളും അടച്ചുതീർത്തു.
എന്നാൽ, കഴിഞ്ഞ മാസം പ്രതി തനിക്കെതിരെ മുംബൈ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിനും ഇ.ഡിക്കും പരാതി നൽകാൻ പോവുകയാണെന്ന് പരാതിക്കാരൻ മനസ്സിലാക്കി. വിഷയം ഒത്തുതീർപ്പാക്കാൻ ഇരുവരും ഒരു കഫേയിൽ ഒരുമിച്ചുകൂടി. ഇവിടെവെച്ച് പ്രതികൾ 164 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ പരാതിക്കാരനെതിരെ ഇ.ഡിയെക്കൊണ്ട് നടപടിയെടുപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.