'തല'യായി 200 മത്സരം, ബ്ലഡി ഡാഡിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി ,രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടം; ട്വിറ്ററിനെ സജീവമാക്കിയ വാർത്തകള്...
|അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ഷാഹിദ് കപൂർ ചിത്രം ബ്ലഡി ഡാഡിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി നിതീഷ് കുമാർ യാദവ്
2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യമുന്നണി രൂപീകരിക്കാനുള്ള പ്രതിപക്ഷ ക്ഷികളുടെ ശ്രമം നിർണായക ഘട്ടത്തിൽ. യോഗത്തിൽ ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ ബിഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി അധ്യക്ഷയുമായ തേജസ്വി യാദവും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ജെ.ഡി.യു അധ്യക്ഷൻ രാജീവ് രഞ്ജൻ സിങ്, ആർ.ജെ.ഡിയുടെ രാജ്യസഭാ എം.പി മനോജ് കുമാർ ഝാ, കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ ഇന്ന് രാവിലെ ഡൽഹിയിൽ എത്തി ആർ.ജെ.ഡി നേതാവും ബിഹാർ മുൻമുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
'തല'യായി 200 മത്സരം: ധോണിയ്ക്ക് ഇന്ന് വമ്പൻ ഐ.പി.എൽ റെക്കോർഡ്
മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനുമായ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ഇന്ന് ചരിത്രദിനം. രാജസ്ഥാൻ റോയൽസിനെതിരെയുള്ള സി.എസ്.കെയുടെ ഇന്നത്തെ മത്സരം ആരാധകരുടെ പ്രിയ 'തല'യുടെ ടീം നായകനായുള്ള 200ാമത് ഐ.പി.എൽ മത്സരമാണ്. അതോടൊപ്പം ഒരു ഐ.പി.എൽ ഫ്രാഞ്ചസിയെ 200 മത്സരങ്ങളിൽ നയിച്ച ആദ്യ നായകനായും അദ്ദേഹം മാറും. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരവും ധോണിയാണ്. സി.എസ്.കെക്കായി 200 സിക്സറുകൾ തികച്ച താരവും ധോണിയാണ്
ടൂർണമെൻറിലാകെ നായകനായി ധോണി 213 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. സി.എസ്.കെക്ക് പുറമേ റൈസിംഗ് പൂണെ സൂപ്പർ ജയൻറ്സിനെയും 41കാരനായ താരം നയിച്ചിട്ടുണ്ട്. ഈ മത്സരങ്ങളിൽ 58.96 ശതമാനമാണ് റാഞ്ചിക്കാരനായ താരത്തിന്റെയും സംഘത്തിന്റെയും വിജയം. ഐ.പി.എല്ലിൽ 125 മത്സരങ്ങൾ വിജയിച്ചപ്പോൾ 87 എണ്ണത്തിൽ പരാജയപ്പെട്ടു. ഒരോ ഫ്രാഞ്ചസിക്കായി കൂടുതൽ മത്സരങ്ങൾ കളിച്ച മറ്റൊരു താരം വിരാട് കോഹ്ലിയാണ്. ആർ.സി.ബിക്കായി 218 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.
ടൂർണമെൻറിൽ താരമെന്ന നിലയിൽ 237 മത്സരങ്ങളിൽ മഹേന്ദ്ര സിംഗ് ധോണി പങ്കെടുത്തു. 5004ലേറെ റൺസ് നേടി. 2008ൽ പഞ്ചാബ് കിംഗ്സിനെതിരെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ ഐ.എസ് ബിന്ദ്ര സ്റ്റേഡിയത്തിലാണ് മിസ്റ്റർ കൂൾ അരങ്ങേറ്റ ഐ.പി.എൽ മത്സരം കളിച്ചത്. 2023 സീസണിലാണ് ധോണി ഐ.പി.എല്ലിൽ 5000 റൺസ് കടന്നത്. വിരാട് കോഹ്ലി, ശിഖർ ധവാൻ, വാർണർ, രോഹിത് ശർമ, സുരേഷ് റെയ്ന, എ.ബി. ഡിവില്ലേഴ്സ് എന്നിവരാണ് ഈ പട്ടികയിലെ ഇതര താരങ്ങൾ. എം.എ ചിദംബരം സ്റ്റേഡിയത്തിൽ ലഖ്നൗ സൂപ്പർ ജയൻറ്സിനെതിരെ നടന്ന മത്സരത്തിലാണ് ധോണി ഏഴാമനായി ഈ നാഴികക്കല്ല് മറികടന്നത്. ചെപ്പോക്കിയിൽ ടി20യിൽ 1500 റൺസ് തികയ്ക്കാൻ 57 റൺസ് കൂടിയേ ധോണിയ്ക്ക് നേടേണ്ടതുള്ളൂ. നാലു പോയിൻറുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് സി.എസ്.കെ ഇപ്പോഴുള്ളത്.
പ്രതിപക്ഷ ഐക്യ നീക്കം തുടരുന്നു; ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി നിതീഷ് കുമാറും തേജസ്വി യാദവും
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രതിപക്ഷ പാർട്ടികളുടെ ഐക്യ നീക്കവുമായി വീണ്ടും പ്രധാന നേതാക്കളുടെ നിർണായക കൂടിക്കാഴ്ച. ഭരണകക്ഷിയായ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാനുള്ള സാധ്യതകൾ ചർച്ച ചെയ്യാനായിരുന്നു യോഗം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യു) നേതാവുമായ നിതീഷ് കുമാർ, രാഷ്ട്രീയ ജനതാദൾ നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമാ തേജസ്വി യാദവ് തുടങ്ങിയവരാണ് ചർച്ച നടത്തിയത്.
ചരിത്രപരമായ കൂടിക്കാഴ്ച എന്നാണ് ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ട മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചത്.വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ ചരിത്രപരമായ ഒരു ചുവടുവെപ്പാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് രാജ്യത്തിനായുള്ള പ്രതിപക്ഷത്തിന്റെ കാഴ്ചപ്പാട് വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി
ഡൽഹിയിലെ സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ചതോടെ സാകുളിൽ നിന്നും മുഴുവൻ കുട്ടികളെയും ഒഴിപ്പിച്ചു. പൊലീസും ബോംബ് സ്ക്വാഡും സ്കൂള് വളപ്പിലും കെട്ടിടങ്ങളിലും പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെടുത്തില്ല. വ്യാജ ഭീഷണിയാണെന്നാണ് അധിക്യതരുടെ പ്രതികരണം.
സംഭവം അറിഞ്ഞ് നിരവധി രക്ഷിതാക്കളും നാട്ടുകാരും സ്കൂള് പരിസരത്ത് എത്തിയിരുന്നു. ഈ ദ്യശ്യങ്ങള് സാമൂഹ്യമാധ്യമങ്ങളിൽ പലിയ തോതിൽ പ്രചരിച്ചിരുന്നു.
പട്ന വിമാനത്താവളത്തിൽ ബോംബ് ഭീഷണി
അജ്ഞാതർ ബോംബ് ഭീഷണി മുഴക്കിയതിനെ തുടർന്ന് പട്നയിലെ ജയപ്രകാശ് നാരായൺ വിമാനത്താവളത്തിൽ ബോംബ് സ്ക്വാഡ് തെരച്ചിൽ നടത്തി. എന്നാൽ ഇത് വ്യാജ ഭീഷണിയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.
"വിവരങ്ങൾ വ്യക്തമല്ലാത്തതിനാൽ, മുഴുവൻ ടെർമിനൽ കെട്ടിടവും പാർക്കിംഗ് ഏരിയയും ഓഫീസ് കെട്ടിടവും സുരക്ഷാ സേന സ്കാൻ ചെയ്തെങ്കിലും ബോംബൊന്നും കണ്ടെത്തിയില്ല," എന്നാണ് എയർപോട്ട് ഉദ്യോഗസ്ഥൻ പറഞ്ഞത്.
കഴിഞ്ഞ ജൂലൈയിൽ തന്റെ ബാഗിൽ ബോംബുണ്ടെന്ന് ഒരു യാത്രക്കാരൻ പറഞ്ഞതിനെ തുടർന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം പട്ന വിമാനത്താവളത്തിൽ നിലത്തിറക്കിയിരുന്നു.
രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടം
ഐ.പി.എല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടം. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ ചിദംബരം സ്റ്റേഡിയത്തിൽ (ചെപ്പോക്ക്) വൈകീട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിച്ചത്. ഇവിടെ അവസാനം നടന്ന 22 ഐ.പി.എൽ മത്സരങ്ങളിൽ സി.എസ്.കെ മൂന്നു തവണ മാത്രമാണ് പരാജയപ്പെട്ടത്. ഈ മൂന്നു തവണയും മുംബൈ ഇന്ത്യൻസാണ് ധോണിപ്പടയെ വീഴ്ത്തിയത്. ആകെ നടന്ന 57 ഐ.പി.എൽ മത്സരങ്ങളിൽ 41ലും സി.എസ്.കെയാണ് വിജയിച്ചത്. ഏകദേശം 72 ശതമാനമാണിത്. ഈ റെക്കോർഡ് മറികടക്കാൻ സഞ്ജുവിനും സംഘത്തിനും സാധിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
അവസാനം നടന്ന മത്സരങ്ങളിൽ വിജയിച്ച ടീമുകൾ വിജയത്തുടർച്ച നേടാനാണ് ശ്രമിക്കുന്നത്. ഐ.പി.എല്ലിലെ തന്നെ ആദ്യ മത്സരത്തിൽ ചെന്നൈ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റിരുന്നു. എന്നാൽ പിന്നീട് ലഖ്നൗ സൂപ്പർ ജയൻറ്സിനോടും പിന്നീട് മുംബൈ ഇന്ത്യൻസിനോടും മഞ്ഞപ്പട ജയിച്ചുകയറി. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് വിജയിച്ച രാജസ്ഥാൻ രണ്ടാം മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോട് അഞ്ച് റൺസിന് തോറ്റു. എന്നാൽ ശേഷം നടന്ന ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ 57 റൺസിന്റെ കൂറ്റൻ വിജയം നേടി തിരിച്ചുവന്നു. തന്റെ 200 മത്സരവും വിജയച്ചിരിയോടെ പൂർത്തിയാക്കാനാകും എം.എസ്. ധോണിയുടെ ആഗ്രഹം. എന്നാൽ ബട്ലറടക്കമുള്ള മികച്ച താരങ്ങളുള്ള രാജസ്ഥാനെ അത്രയെളുപ്പം കീഴടക്കാനാകില്ല.
ബ്ലഡി ഡാഡിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
ഷാഹിദ് കപൂർ ചിത്രം ബ്ലഡി ഡാഡിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. അലി അബ്ബാസ് സഫറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷൻ ത്രില്ലർ ചിത്രമാണെന്നാണ് റിപ്പോർട്ടുകള്. 2015 ൽ പുറത്തിറങ്ങിയ തൂങ്കാവനം എന്ന ചിത്രത്തിന്റെ റീമേക്കാണെന്നും അഭ്യൂഹങ്ങളുണ്ട്. ചോരയിൽ കറുത്ത കോട്ടണിഞ്ഞ ഷാഹിദിനെയാണ് പോസ്റ്ററിൽ കാണുന്നത്. അലി അബ്ബാസ് സഫറും ഷാഹിദ് കപൂറും ആദ്യമായാണ് ഒന്നിക്കുന്നത്.
നെറ്റ്സിൽ ധോണിയ്ക്ക് സമാന്തരമായി ബാറ്റ് ചെയ്ത് സഞ്ജു സാംസൺ
ഐ.പി.എല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടാനിരിക്കെ നായകൻ സഞ്ജു സാംസന്റെ പരിശീലന വീഡിയോ വൈറൽ. നെറ്റ്സിൽ ബാറ്റിംഗ് പരിശീലിക്കുന്ന സി.എസ്.കെ നായകൻ ധോണിയ്ക്ക് സമാന്തരമായി മലയാളി താരം ബാറ്റ് ചെയ്യുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ട്വിറ്ററിൽ രാജസ്ഥാൻ റോയൽസ് പോസ്റ്റ് ചെയ്ത വീഡിയോ ഏഴ് ലക്ഷത്തോളം പേരാണ് കണ്ടത്.നേരത്തെ എം.എസ് ധോണിയ്ക്ക് ഒപ്പമുള്ള ചിത്രം സഞ്ജു സാംസൺ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. 'വാത്തി (അധ്യാപകൻ) ഇവിടെയുണ്ട്' എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്.
വിക്കറ്റ് കീപ്പറും നായകനുമായ സഞ്ജു സാംസൺ മുൻ ഇന്ത്യൻ നായകനും സി.എസ്.കെയെ 199 ഐ.പി.എൽ മത്സരങ്ങളിൽ നയിച്ച താരവുമായ ധോണിയെ മാതൃകയായി കാണുന്നയാളാണ്. ക്രിക്കറ്റ് ലോകത്ത് ഏറെ ആരാധകരുള്ള താരങ്ങളുമാണ് ധോണിയും സഞ്ജുവും. സിക്സറുകളടക്കം വമ്പൻ വെടിക്കെട്ട് നടത്തുന്നവരാണ് ഇരുവരും. എന്നാൽ ഐ.പി.എൽ വർഷങ്ങളായി മികവ് പ്രകടിപ്പിച്ചിട്ടും ഇന്ത്യൻ ദേശീയ ടീമിൽ സ്ഥിരം സാന്നിധ്യമാകാൻ മലയാളി താരത്തിന് കഴിഞ്ഞിട്ടില്ല.
മില്ലി ബോബി ബ്രൗൺ
ജെയ്ക്ക് ബോംഗിയോവിയുമായുള്ള വിവാഹനിശ്ചയം പ്രഖ്യാപിച്ചതിന് ശേഷം സ്ട്രേഞ്ചർ തിംഗ്സിന്റെ നടൻ മില്ലി ബോബി ബ്രൗൺ സോഷ്യൽ മീഡിയയിൽ താരമാകുകയാണ്. 20 കാരിയായ ബോങ്കിയോവിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് 19 കാരൻ വാർത്ത പങ്കുവെച്ചത്. പോസ്റ്റ് വളരെയധികം ശ്രദ്ധ നേടുകയും 'അവൾ 19 ആണെങ്കിൽ' എന്ന ട്രെൻഡിംഗ് ആരംഭിക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഫോട്ടോയിൽ, മിസ് ബ്രൗൺ ഇടത് കൈയിൽ ഡയമണ്ട് മോതിരം ധരിച്ചിരിക്കുന്നതായി കാണാം.
നിരവധി ആളുകളാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്