ഗുജറാത്തിൽ പണം നിക്ഷേപിക്കാമെന്ന പേരിൽ തട്ടിപ്പ്; 1000 കോടി തട്ടിയ നാല് പേർ പിടിയിൽ
|ഇവരുടെ ചിട്ടി കമ്പനിക്കെതിരെ 100ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അഹമ്മദാബാദ്: ഗുജറാത്തിൽ പണം നിക്ഷേപിക്കാനെന്ന പേരിൽ നിരവധിയാളുകളെ കബളിപ്പിച്ച് 1000 കോടി തട്ടിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. രാജസ്ഥാനിൽ ചിട്ടി കമ്പനി നടത്തിവന്ന രൺവീർ ബിജാരനിയൻ, സുഭാഷ് ചന്ദ്ര ബിജാരനിയൻ, ഒപേന്ദ്ര ബിജാരനിയൻ, അമർചന്ദ് ധാക്ക എന്നിവരാണ് പിടിയിലായത്.
ഗുജറാത്തിലെ ധോലേര നഗരത്തിൽ പണം നിക്ഷേപിക്കാനെന്ന പേരിലാണ് രാജസ്ഥാനിലെ 20,000ത്തോളം ആളുകളെ കബളിപ്പിച്ച് 1,000 കോടി രൂപ തട്ടിയെടുത്തത്. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും രാജസ്ഥാൻ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവരുടെ ചിട്ടി കമ്പനിക്കെതിരെ 100ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് 10 ലക്ഷം രൂപയും ഒരു കാറും പിടിച്ചെടുത്തതായി രാജസ്ഥാനിലെ സിക്കാർ പൊലീസ് സൂപ്രണ്ട് കരൺ ശർമ പറഞ്ഞു,
പ്രതികൾക്കെതിരെ സിക്കാർ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ 29 വഞ്ചനാക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് രാജസ്ഥാൻ പൊലീസ് പ്രതികളെ പിടികൂടിയത്. കേസിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.