''20 വർഷമായി സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നു''; ടീസ്റ്റ സെറ്റൽവാദിനെതിരെ സുപ്രീംകോടതിയില്‍ ഗുജറാത്ത് സർക്കാർ
|മുൻ എംപി ഇഹ്‌സാൻ ജാഫ്രി ഉള്‍പ്പെടെ 35 പേര്‍ കൊല്ലപ്പെട്ട ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 64 പേർക്ക് എസ്ഐടി ക്ലീൻചിറ്റ് നൽകിയതിനെതിരെ സാക്കിയ ജാഫ്രി നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി
2002ലെ ഗുജറാത്ത് കലാപക്കേസിൽ സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിനെതിരെ രൂക്ഷവിമർശനവുമായി ഗുജറാത്ത് സർക്കാർ. കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് മുൻ എംപി ഇഹ്‌സാൻ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിയെ ടീസ്റ്റ ചൂഷണം ചെയ്യുകയാണെന്നും രണ്ടു പതിറ്റാണ്ടായി അവർ സംസ്ഥാനത്തിനെതിരെ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഗുജറാത്ത് സർക്കാരിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആരോപിച്ചു.
കേസിൽ ഒന്നാമത്തെ പരാതിക്കാരിയായ സാക്കിയ ജാഫ്രിയെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. അവർ മുറിവേറ്റവരാണ്. ഉറ്റവരെയും പ്രിയപ്പെട്ടവരെയും അവർക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അവർക്കെതിരെ ഒന്നും പറയാനില്ല. എന്നാൽ, വളരെ സൂക്ഷിച്ചാണ് ഞാൻ എന്റെ വാക്കുകൾ തിരഞ്ഞെടുക്കുന്നത്. ഒരു വിധവയുടെ ദൈന്യതയെ ചൂഷണം ചെയ്യുന്നതിനു ഒരു പരിധിയൊക്കെ വേണം-ടീസ്റ്റയെ ഉന്നമിട്ട് തുഷാർ മേത്ത കുറ്റപ്പെടുത്തി.
''കേസിൽ രണ്ടാമത്തെ പരാതിക്കാരി(ടീസ്റ്റ സെറ്റൽവാദ്) 20 വർഷത്തോളമായി സംസ്ഥാനത്തെയൊന്നാകെ അപകീർത്തിപ്പെടുത്താൻ വലിയ തോതിലുള്ള ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുകയാണ്. ടീസ്റ്റ സാക്ഷികളെ നിരന്തരം സന്ദർശിച്ച് നേരത്തെ കംപ്യൂട്ടറിൽ തയാറാക്കിയ മൊഴി നൽകുകയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ(എസ്‌ഐടി) അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വെറും വ്യാജ തെളിവുകളാണവ. വ്യാജ തെളിവുകൾ ചമച്ചുണ്ടാക്കുന്ന ടീസ്റ്റയെ എന്തുകൊണ്ട് പ്രോസിക്യൂട്ട് ചെയ്യുന്നില്ല?'' തുഷാർ മേത്ത ചോദിച്ചു.
2002 ഫെബ്രുവരി 28ന് ഗുൽബർഗ് സൊസൈറ്റിയിൽ ഇഹ്‌സാൻ ജാഫ്രി ഉള്‍പ്പെടെ 35 പേര്‍ കൊല്ലപ്പെട്ട കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയിൽ ഗുജറാത്ത് എസ്.ജിയുടെ വിമർശനം. കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 64 പേർക്ക് ക്ലീൻചിറ്റ് നൽകിയ എസ്‌ഐടിയുടെ നടപടിക്കെതിരെ സാക്കിയ ജാഫ്രി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനും ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരിയും സിടി രവികുമാറും അംഗങ്ങളുമായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Summary: There is a larger conspiracy "orchestrated" by social activist Teesta Setalvad to defame Gujarat for almost two decades, the state government told the Supreme Court today while arguing on a petition relating to the 2002 riots. Supreme court bench headed by Justice AM Khanwilkar was hearing the petition submitted by Zakia Jafri, the wife of Congress leader Ehsan Jafri who was killed at the Gulberg Society in Ahmedabad on February 28, 2002, challenging the clean chit by a Special Investigation Team (SIT) to 64 people including Narendra Modi, then Gujarat Chief Minister.