2013ല്‍ നരേന്ദ്ര മോദിയുടെ റാലിക്കിടെ സ്ഫോടനം നടത്തിയ കേസിൽ നാല് പേര്‍ക്ക് വധശിക്ഷ
|എൻ.ഐ.എ കോടതിയാണ് നാലുപേർക്ക് ശിക്ഷവിധിച്ചത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പാറ്റ്നയില്‍ നടത്തിയ റാലിക്കിടെയായിരുന്നു സ്ഫോടനം.
2013ൽ പട്നയിൽ നരേന്ദ്ര മോദിയുടെ റാലിക്കിടെ സ്ഫോടനം നടത്തിയ കേസിൽ വധശിക്ഷ. എൻ.ഐ.എ കോടതിയാണ് നാലുപേർക്ക് ശിക്ഷവിധിച്ചത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ബിഹാര്‍ തലസ്ഥാനമായ പട്നയിൽ നടത്തിയ റാലിക്കിടെയായിരുന്നു സ്ഫോടനം.
കേസില്‍ പത്തു പേർ കുറ്റക്കാരാണെന്ന് പ്രത്യേക എൻ.ഐ.എ കോടതി നേരത്തെ വിധിച്ചിരുന്നു. തെളിവുകളുടെ അഭാവത്തിൽ ഒരാളെ പ്രത്യേക എൻ.ഐ.എ കോടതി കുറ്റ വിമുക്തനാക്കുകയായിരുന്നു.
കേസിൽ പതിനൊന്നു പേർക്കെതിരേ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്ത വ്യക്തിയായതിനാൽ, കേസ് ജുവനൈൽ ജസ്റ്റീസ് ബോർഡിനു കൈമാറുകയായിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി പങ്കെടുക്കാനിരുന്ന റാലിക്ക് തൊട്ട് മുമ്പായാണ് പട്നയിൽ വിവിധയിടങ്ങളിലായി സ്ഫോടന പരമ്പര ഉണ്ടായത്. സ്ഫോടനത്തില്‍ ആദ്യം ഒരു മരണമാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ആറു പേര് മരിക്കുകയായിരുന്നു. മോദിയുടെ റാലി നടക്കുന്ന ഗാന്ധി മൈതാനത്തിന് സമീപത്ത് അഞ്ച് സ്ഫോടനങ്ങളുണ്ടായത്. 50ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.