കലാപത്തീയിൽ വേവുന്ന മണിപ്പൂർ എങ്ങനെ വിധിയെഴുതും?
|മണിപ്പൂരില്‍ വീണ്ടും താമര വിരിയുമോ? ഉയിര്‍ത്തെഴുന്നേല്‍ക്കുമോ കോണ്‍ഗ്രസ്
കഴിഞ്ഞ വര്‍ഷം മേയില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തില്‍ കത്തിയെരിഞ്ഞു കൊണ്ടിരിക്കുകയാണ് മണിപ്പൂര്‍. ഇപ്പോഴും ശാന്തമല്ല ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനം. അശാന്തമായ മണിപ്പൂരിലേക്കാണ് ഇക്കുറി തെരഞ്ഞെടുപ്പ് എത്തുന്നത്. കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകളിലും കൂടെ നിന്ന മണിപ്പൂര്‍ ഇത്തവണ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമോ എന്ന ആശങ്ക ഭരണകക്ഷിയായ ബി.ജെ.പിക്ക് ഇല്ലാതില്ല. എന്നാല്‍ ഭരണവിരുദ്ധവികാരം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായി
ആകെ രണ്ടു ലോക്സഭാ മണ്ഡലങ്ങളുള്ള മണിപ്പൂരില്‍ രണ്ടു ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 19നും രണ്ടാം ഘട്ടം ഏപ്രില്‍ 26നും. 2019ലും ഏപ്രില്‍ 11, 18 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടത്തിൽ 84.21% പോളിങ് രേഖപ്പെടുത്തിയപ്പോൾ രണ്ടാം ഘട്ടത്തിൽ 81.16% പോളിങ് രേഖപ്പെടുത്തി.
2019ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 937,464 വോട്ടർമാരുള്ള മണിപ്പൂരിലെ ഇന്നർ ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പിയുടെ ഡോ.രാജ്കുമാര് രഞ്ജന്‍ സിംഗാണ് വിജയിച്ചത്. ഒയിനം നബകിഷോർ സിങ്ങായിരുന്നു ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. രണ്ടാമത്തെ മണ്ഡലമായ ഔട്ടര്‍ മണിപ്പൂര്‍ പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ളതാണ്. നാഗാ പീപ്പിൾസ് ഫ്രണ്ടിലെ ലോർഹോ എസ് പ്ഫോസെ ആണ് നിലവിലെ ലോകസഭാംഗം.
മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഔട്ടര്‍ ലോക്സഭാ മണ്ഡലത്തില്‍ ഇത്തവണ രണ്ടു ദിവസമായിട്ടാണ് വോട്ടെടുപ്പ് നടക്കുക. 28 നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഔട്ടര്‍ മണിപ്പൂര്‍. കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂർ, കാങ്പോക്പി, കാക്ചിംഗ് എന്നിവിടങ്ങളിലും മുസ്ലിം ആധിപത്യമുള്ള വാബ്ഗായിയും ഉൾപ്പെടെ 15 നിയമസഭാ മണ്ഡലങ്ങളില്‍ ഏപ്രിൽ 19 ന് പോളിംഗ് നടക്കും. ഏപ്രിൽ 26 ന് ബാക്കിയുള്ള നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തും. നാഗാധിപത്യമുള്ള ഉഖ്രുൽ, തെങ്നൗപൽ, തമെങ്ലോങ്, തിപൈമുഖ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. 32 നിയസഭാ മണ്ഡലങ്ങളാണ് ഇന്നര്‍ മണിപ്പൂരിലുള്ളത്.
നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവര്‍ക്കായി ക്യാമ്പുകള്‍ക്ക് സമീപം പ്രത്യേക പോളിങ് ബൂത്തുകള്‍ തുറക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞിരുന്നു. ആകെ 20.26 ലക്ഷം വോട്ടര്‍മാരാണ് മണിപ്പൂരിലുള്ളത്. കഴിഞ്ഞ വർഷം മേയില്‍ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട വംശീയ സംഘര്‍ഷത്തെത്തുടർന്ന്, കുക്കി-സോമി, മെയ്തേയ് സമുദായങ്ങൾ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങൾക്കിടയിൽ വലിയ ഭിന്നത ഉയർന്നുവന്നിട്ടുണ്ട്. അതേസമയം വംശീയ കലാപത്തെ തുടര്‍ന്ന് മിസോറാമിൽ അഭയം പ്രാപിച്ച മണിപ്പൂരിലെ ആയിരക്കണക്കിന് കുക്കി-സോ സമുദായക്കാർക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ കഴിഞ്ഞേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ ആളുകള്‍ക്ക് ഇതുവരെ വോട്ടിംഗ് ക്രമീകരണം നടത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.മിസോറാമിന് പുറമെ ഡൽഹിയിലും രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളിലും കുക്കി-സോ വിഭാഗക്കാര്‍ അഭയം പ്രാപിച്ചിട്ടുണ്ടെന്ന് മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ ഒരു ഗോത്രവർഗ സംഘടന വ്യക്തമാക്കുന്നു.
ഇന്നര്‍ മണ്ഡലം തിരിച്ചുപിടിക്കുമോ സി.പി.ഐ
മണിപ്പൂരിലെ പ്രമുഖ പാര്‍ട്ടികളിലൊന്നായ സി.പി.ഐയുടെ സ്ഥാനാര്‍ഥികള്‍ മൂന്നു തവണ ലോക്സഭയിലെത്തിയിട്ടുണ്ട്. 1967ലും 1980ലും ഇന്നര്‍ മണിപ്പൂരിലും 1998ല്‍ ഔട്ടര്‍ മണിപ്പൂരിലുമാണ് സി.പി.ഐ വിജയിച്ചത്. 2019ല്‍ ബി.ജെ.പിയുടെ ഡോ. രാജ്കുമാര് രഞ്ജന്‍ സിങ്ങാണ് ഇന്നര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ചത്.
ഇന്നര്‍ മണിപ്പൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ലൈഷ്റാം സോതിൻകുമാർ സിങ്ങാണ് സിപിഐ സ്ഥാനാര്‍ഥി. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുറായിവാസിയായ സോതിൻകുമാർ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (എഐടിയുസി) മണിപ്പൂർ യൂണിറ്റ് ജനറൽ സെക്രട്ടറിയും പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറിയുമാണ്. ന്യൂഡൽഹിയിൽ ചേർന്ന ഇടതുപാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ യോഗമാണ് സോതിൻകുമാറിനെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്.
കലാപം ബി.ജെ.പിക്ക് വിനയാകുമോ?
മണിപ്പൂര്‍ കലാപവും അതിനെ തുടര്‍ന്ന് ബിരേന്‍ സിങ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശവും പ്രധാനമന്ത്രിയുടെ മൗനവുമെല്ലാം കുറച്ചൊന്നുമല്ല ഭരണകക്ഷിയായ ബി.ജെ.പിയെ പിടിച്ചുലച്ചത്. ഇത് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ എന്ന ആശങ്ക പാര്‍ട്ടി ക്യാമ്പില്‍ ഇല്ലാതില്ല. സ്വന്തം സംസ്ഥാനത്ത് നടന്ന അക്രമങ്ങളെക്കുറിച്ച് പാര്‍ലമെന്റില്‍ ഒരക്ഷരം പോലും മിണ്ടാതിരുന്ന മണിപ്പൂരിലെ ബി.ജെ.പി എം.പിക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. അക്രമം ആരംഭിച്ച് 10 മാസം പിന്നിട്ടിട്ടും ശാശ്വതമായി സമാധാനം സ്ഥാപിക്കാൻ ബി.ജെ.പി സർക്കാരിന് കഴിയാത്തതും ന്യൂനതയാണ്.
ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഫെൻസിങ് സ്ഥാപിക്കുമെന്നും അയൽ രാജ്യത്തു നിന്നുള്ള അനധികൃത കുടിയേറ്റ പ്രശ്നം പരിഹരിക്കുന്നതിനായി ഫ്രീ മൂവ്മെൻ്റ് റെജിം (എഫ്എംആർ) എടുത്തുമാറ്റുമെന്നും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ-മ്യാൻമർ അതിർത്തിയോട് ചേർന്ന് താമസിക്കുന്ന ആളുകൾക്ക് വിസയില്ലാതെ 16 കിലോമീറ്റർ പരസ്പരം അതിർത്തിയിലേക്ക് കടക്കാൻ അനുവദിക്കുന്നതാണ് ഫ്രീ മൂവ്മെന്റ് റെജിം കരാർ.
ഈ തീരുമാനങ്ങള്‍ നിലവില്‍ ബി.ജെ.പിക്കൊപ്പമുള്ള ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. ബി.ജെ.പി സർക്കാരിൻ്റെ ഈ നീക്കങ്ങളെ എതിർക്കുന്ന നാഗാ, കുക്കി സമുദായക്കാർ താമസിക്കുന്ന മലയോര ജില്ലകളെ ഉൾക്കൊള്ളുന്ന ഔട്ടർ മണിപ്പൂരിലെ കാവി ക്യാമ്പിനെ ഈ നടപടികൾ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.2008ൽ കോൺഗ്രസ് സംസ്ഥാനം ഭരിച്ചപ്പോഴാണ് കുക്കി തീവ്രവാദ സംഘടനകളുമായി സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ കരാർ ഒപ്പിട്ടത്. കരാർ അവസാനിപ്പിക്കണമെന്നാണ് ഒരു വിഭാഗം ജനങ്ങളുടെ ആവശ്യം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടം കൊയ്ത സംസ്ഥാനങ്ങളിലൊന്നായിരുന്നു മണിപ്പൂര്‍.തുടര്‍ച്ചയായ രണ്ടാം തവണയാണ് ബി.ജെ.പി മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. 31 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്ഷിയായിട്ടാണ് പാര്‍ട്ടി അധികാരത്തിലെത്തിയത്. എന്‍.ബിരേന്‍ സിങ്ങാണ് മുഖ്യമന്ത്രി. മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് ബിരേന്‍ സിങിന്റെ രാജിക്കായി മുറവിളി ഉയര്‍ന്നെങ്കിലും താന്‍ രാജി വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സിങിന്റെ മറുപടി.
കലാപം പ്രചരണായുധമാക്കി കോണ്‍ഗ്രസ്
മണിപ്പൂര്‍ കലാപം തന്നെയാണ് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രയോഗിക്കാനുള്ള ഏറ്റവും വലിയ ആയുധം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് സര്‍ക്കാരിന് സാധിക്കാത്തതും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടും. അക്രമം നടന്ന് ആഴ്ചകൾക്ക് ശേഷം രാഹുൽ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശിച്ചതും തെരഞ്ഞെടുപ്പിൽ പാർട്ടിയെ സഹായിച്ചേക്കും. കൂടാതെ രാഹുല്‍ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചതും മണിപ്പൂരില്‍ നിന്നായിരുന്നു.സംഘര്‍ഷ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. മെയ്തി ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുല്‍ ഗാന്ധിയെ കാണാന്‍ ആയിരക്കണക്കിന് സ്ത്രീകളടങ്ങുന്ന ജനക്കൂട്ടമാണ് എത്തിയിരുന്നത്. കലാപം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും പരാജയപ്പെട്ടുവെന്ന വിമര്‍ശനം ശക്തമായ സാഹചര്യത്തിലായിരുന്നു രാഹുലിന്റെ സന്ദര്‍ശനം. എന്നാല്‍ 2017-ൽ സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ട പ്രതിപക്ഷമായ കോൺഗ്രസ് സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനെച്ചൊല്ലിയുള്ള ആഭ്യന്തര തർക്കം മൂലം ശക്തമായ പിച്ചിലായിരുന്നില്ല.
മണിപ്പൂരില്‍ കോണ്‍ഗ്രസിന്റെ കോട്ടയായി കണക്കാക്കപ്പെടുന്ന മണ്ഡലമാണ് ഇന്നര്‍ മണിപ്പൂര്‍. പത്ത് തവണയാണ് ഇന്നര്‍ മണിപ്പൂര്‍ കോണ്‍ഗ്രസിനൊപ്പം നിന്നത്. മണിപ്പൂർ സ്റ്റേറ്റ് കോൺഗ്രസ് പാർട്ടിയും ഈ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്. ഇന്നര്‍ മണിപ്പൂരില്‍ ജെഎന്‍യു പ്രൊഫസറായ ബിമോൾ അക്കോയിജം ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുന്നത്. ദീര്‍ഘകാലമായി മണിപ്പൂരിലെ പൊതുപ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ് 57കാരായ ബിമോള്‍. മേയ് മാസത്തില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നതിന് വളരെ മുമ്പുതന്നെ സംസ്ഥാനത്തിലെ വംശീയ സംഘർഷങ്ങളെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. മുൻ എം.എൽ.എ ആൽഫ്രഡ് കെ ആർതർ ഔട്ടര്‍ മണിപ്പൂരില്‍ നിന്നും ജനവിധി തേടും. ആർതർ തങ്ഖുൽ നാഗ ആധിപത്യമുള്ള ഉഖ്രുൾ ജില്ലയിൽ നിന്നുള്ളയാളാണ്.അതേസമയം മണ്ഡലത്തില്‍ പ്രചരണത്തിനായി ഇറങ്ങിയ ആര്‍തര്‍ക്ക് നേരെ മൂന്ന് തവണ ആയുധധാരികളായ അക്രമികൾ വെടിയുതിർത്തതായാണ് റിപ്പോര്‍ട്ട്. ഇദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോലും ക്രമസമാധാനം നിലനിർത്തുന്നതിൽ ബിജെപി സർക്കാര്‍ പരാജയമാണെന്നാണ് ആർതറിനെതിരായ ആക്രമണങ്ങൾ സൂചിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.നാഗ-കുക്കി സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ളയാളായതുകൊണ്ട് ആര്‍തര്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
അതേസമയം ഐആര്‍എസ്(ഇന്ത്യന്‍ റവന്യൂ സര്‍വീസ്) ഉദ്യോഗസ്ഥനായ കെ.തിമോത്തി സിമിക്കാണ് ഔട്ടര്‍ മണിപ്പൂരിലെ നാഗാ പീപ്പിള്‍സ് ഫ്രണ്ട് സ്ഥാനാര്‍ഥി. നിലവില്‍ എന്‍പിഎഫിന്റെ കൈപ്പിടിയിലുള്ള മണ്ഡലമാണ് ഔട്ടര്‍ മണിപ്പൂര്‍. എന്‍പിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന് ബി.ജെ.പി അറിയിച്ചിട്ടുണ്ട്.
പുകയുന്ന മണിപ്പൂര്‍
2023 മെയ് 3നാണ് മണിപ്പൂരിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ത്തുകൊണ്ട് സംഘർഷങ്ങൾ ആരംഭിച്ചത്. മണിപ്പൂരിലെ പ്രബല ഗോത്രവര്‍ഗ വിഭാഗമായ മെയ്തി വിഭാഗത്തിന് പട്ടികജാതി വർഗ പദവി നൽകുന്നത് പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്ന മണിപ്പൂർ ഹൈക്കോടതിയുടെ ഉത്തരവാണ് സംഘർഷത്തിന് കാരണമായത്. പിന്നീടങ്ങോട്ട് നിരവധി ഗ്രാമങ്ങളും വീടുകളും ആരാധനാലയങ്ങളും സ്കൂളുകളും അഗ്നിക്കിരയായി. കുക്കി യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം രാജ്യത്തിനു തന്നെ നാണക്കേടുണ്ടാക്കി. നിരവധി കുട്ടികളെ രക്ഷിതാക്കൾ ക്യാമ്പുകളിൽ ഉപേക്ഷിച്ചു. അമ്പതിനായിരത്തിലധികം പേർ ഇപ്പോഴും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ്.
മെയ്തി സമുദായം പ്രധാനമായും മണിപ്പൂർ താഴ്വരയിലാണ് താമസിക്കുന്നത്. മ്യാൻമറികളും ബംഗ്ലാദേശികളും നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം തങ്ങൾ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് മെയ്തേയുടെ അവകാശവാദം.കലാപത്തിനു വഴിവച്ച വിവാദനിർദേശം നീക്കം ചെയ്ത് പിന്നീട് മണിപ്പൂർ ഹൈക്കോടതി മുൻ ഉത്തരവു പരിഷ്കരിച്ചിരുന്നു. മെയ്തി ഭാഗത്തെ പട്ടികവർഗമാക്കാൻ സംസ്ഥാനസർക്കാരിനു കേന്ദ്രത്തോട് ശിപാർശ ചെയ്യാവുന്നതാണെന്ന 2023 മാർച്ച് 27ലെ ഉത്തരവിലെ ഭാഗം ഒഴിവാക്കിയാണു ജസ്റ്റിസ് ജി. ഗയ്ഫുൽഷില്ലുവിന്റെ ബെഞ്ച് ഉത്തരവു പരിഷ്കരിച്ചത്. പുനഃപരിശോധനാ ഹരജി പരിഗണിച്ചായിരുന്നു നടപടി. മണിപ്പൂർ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കെ എം.വി.മുരളീധരൻ പുറപ്പെടുവിച്ചതാണ് മാർച്ച് 27ലെ ഉത്തരവ്. ഇതാണ് പിന്നീടു കലാപത്തിനു പ്രേരകമായതെന്നു ചൂണ്ടിക്കാണിക്കപ്പെട്ടത്.
പ്രധാനമന്ത്രിയുടെ മൗനം
മണിപ്പൂര്‍ കലാപം തുടങ്ങി രണ്ടര മാസത്തിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ പ്രതികരിച്ചത്. മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുമ്പോഴും പ്രധാനമന്ത്രി മൗനം പാലിച്ചത് വലിയ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു.ആക്രമണം നടക്കുന്നത് മണിപ്പൂരിൽ ആണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തന്റെ ഹൃദയം ദുഃഖം കൊണ്ടും ദേഷ്യം കൊണ്ടും നിറയുന്നുവെന്നുമായിരുന്നു മോദി പറഞ്ഞത്. സംസ്ഥാനങ്ങളിലെ ക്രമസമാധാന നില ശക്തമായി നിലനിർത്താൻ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുന്നുവെന്നും മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണം ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിലെ കുറ്റവാളികൾ ഒരിക്കലും രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജസ്ഥാനിലോ ചത്തിസ്ഗഢിലോ മണിപ്പൂരിലോ ആകട്ടെ നമ്മുടെ സഹോദരിമാരുടെ സുരക്ഷക്കായി സർക്കാറുകൾ ഉണർന്നു പ്രവർത്തിക്കണമെന്നും മോദി നിർദേശിച്ചിരുന്നു. കലാപം തുടരുന്നതിനിടെ സഭാധ്യക്ഷന്മാരെ ക്രിസ്മസ് വിരുന്നിന് ക്ഷണിച്ചതും ബിഷപ്പുമാര്‍ വിരുന്നില്‍ പങ്കെടുത്തതും വിമര്‍ശനത്തിന് കാരണമായിരുന്നു. കേരളം, ഡല്‍ഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാര് എന്നിവരെയാണ് വിരുന്നിലേക്ക് മോദി ക്ഷണിച്ചത്.
ജാതി സമവാക്യങ്ങള്‍
മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനവും മെയ്തേയ് അല്ലെങ്കില്‍ മെയ്തി എന്നു വിളിക്കപ്പെടുന്ന സമുദായമാണ്. ഗോത്രവര്‍ഗക്കാരായ കുക്കികള്‍ 25 ശതമാനവും നാഗകള്‍ 15 ശതമാനവുമാണ്. ഭൂരിഭാഗം മെയ്തേകളും ഇംഫാല്‍ താഴ്വരയിലാണ് താമസിക്കുന്നത്. ഗോത്ര വര്‍ഗക്കാര്‍ മലയോര ജില്ലകളിലും. മെയ്തേകള്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. എട്ടു ശതമാനം വരും മുസ്ലിംങ്ങള്‍. കുക്കികളെക്കാളും നാഗകളെക്കാളും വിദ്യാസമ്പന്നരും ബിസിനസിലും രാഷ്ട്രീയത്തിലും പ്രാതിനിധ്യമുള്ളവരുമാണ് മെയ്തികള്‍. കുക്കികളും നാഗന്മാരും ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. കുക്കികൾ വടക്കുകിഴക്കൻ പ്രദേശങ്ങളിലും മ്യാൻമറിലുമായിട്ടാണ് ഇവര്‍ അധിവസിക്കുന്നത്. അവരിൽ ഭൂരിഭാഗവും നൂറ്റാണ്ടുകൾക്ക് മുമ്പ് മ്യാൻമറിൽ നിന്ന് കുടിയേറിയവരാണ്.കുക്കികളും നാഗകളും പാരമ്പര്യ വൈരികളാണെങ്കിലും കുക്കികളെ എതിര്‍ക്കുന്ന കാര്യത്തില്‍ ഇരുവിഭാഗവും ഒറ്റക്കെട്ടാണ്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാം ആനുകൂല്യവും പറ്റുന്നവരാണ് മെയ്തികളെന്നാണ് ആരോപണം.
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ഇപ്പോഴത്തെ മുഖ്യമന്ത്രി ബിരേന്‍ സിങിന് മെയ്തി വിഭാഗത്തില്‍ പെട്ടയാളാണ്. 2015ലെ കലാപത്തിലെ ഒമ്പത് പേര് മരിച്ചപ്പോള്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നയാളാണ് ബിരേന്‍ സിങ്. മെയ്തി വിഭാഗത്തിനിടയില്‍ നിര്‍ണായക സ്വാധീനമുള്ളയാണ് ഇദ്ദേഹം. അതുകൊണ്ട് തന്നെയാണ് സിങിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്നിട്ടും മുഖ്യമന്ത്രിയെ മാറ്റാനുള്ള തീരുമാനം ബി.ജെ.പി നേതൃത്വം എടുക്കാതിരുന്നത്. മണിപ്പൂര്‍ നിയമസഭയിലും മെയ്തികള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യമുണ്ട്. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിരവധി കുക്കികൾ ബി.ജെ.പി സ്ഥാനാർഥികളായി മത്സരിക്കുകയും ഏഴ് പേർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നുവെങ്കിലും മെയ്തികളോടുള്ള ബി.ജെ.പി സർക്കാരിൻ്റെ പക്ഷപാതപരമായ നിലപാട് കുക്കികൾക്കിടയിൽ കടുത്ത അസംതൃപ്തിക്ക് കാരണമായിരുന്നു.
അതേസമയം കുക്കി, നാഗ വിഭാഗത്തെ തൊട്ടുകൂടാത്തവരായി കണക്കാക്കുന്നവരാണ് മെയ്തികള്‍. ഈ വിഭാഗത്തില്‍ പെട്ടവര്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. 2011ലെ സെന്‍സസ് പ്രകാരം 41.29 ശതമാനമാണ് മണിപ്പൂരിലെ ക്രിസ്ത്യാനികള്‍. കലാപത്തിനിടയില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാപകമായ അക്രമണമാണ് അരങ്ങേറിയത്. മണിപ്പൂര്‍ കലാപത്തില്‍ ജീവന് നഷ്ടപ്പെട്ടവരില്‍ ന്യൂനപക്ഷമായ കുക്കി-സോ ഗോത്രത്തിൽ നിന്നുള്ള ക്രിസ്ത്യാനികളാണെന്ന് സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. കലാപത്തിനിടെ നൂറുകണക്കിന് പള്ളികളാണ് തകര്‍ത്തത്. അക്രമത്തിന് ഇരയായവര്‍ക്ക് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരില്‍ നിന്നും പിന്തുണ ലഭിച്ചില്ലെന്ന് ക്രിസ്ത്യന്‍ സംഘടന നേതാക്കള്‍ ആരോപിച്ചിരുന്നു. മണിപ്പൂരിലെ ക്രൈസ്തവ വേട്ട രാജ്യത്ത് ക്രൈസ്തവ വോട്ട് ലക്ഷ്യമിട്ട് സംഘ്പരിവാര്‍ നടത്തിയ നീക്കങ്ങള്‍ക്ക് തിരിച്ചടിയായേക്കും