വാട്ട്‌സാപ്പിലൂടെ ലിങ്ക് അയച്ച് തട്ടിപ്പ്; അധ്യാപികയുടെ അക്കൗണ്ടിൽനിന്ന് നഷ്ടമായത് 21 ലക്ഷം രൂപ
|ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് അക്കൗണ്ട് ഹാക്ക് ചെയ്തതും പണം തട്ടിയെടുത്തതും അറിഞ്ഞത്
അമരാവതി: ആന്ധ്രാപ്രദേശ് അന്നമയ്യയിലെ റിട്ടയേർഡ് സ്‌കൂൾ അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മദനപ്പള്ളിയിലെ റെഡ്ഡെപ്പനൈഡു കോളനി നിവാസിയായ വരലക്ഷ്മിയുടെ അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയെടുത്തത്. അജ്ഞാത നമ്പറിൽ നിന്ന് ലഭിച്ച വാട്‌സ്ആപ്പ് സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷമാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതെന്ന് പൊലീസ് പറഞ്ഞു.
അന്നുമുതൽ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിന്റെ സന്ദേശങ്ങൾ അധ്യാപികക്ക് ലഭിക്കാൻ തുടങ്ങി. തുടർന്ന് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് അക്കൗണ്ട് ഹാക്ക് ചെയ്തതും അക്കൗണ്ടിൽ നിന്ന് 21 ലക്ഷം രൂപ പിൻവലിച്ച കാര്യവും മനസിലായത്.
തുടർന്ന് ഇവർ സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. മദനപ്പള്ളിയിലെ സോഫ്ട് വെയർ ജീവനക്കാരനായ ജ്ഞാനപ്രകാശിന്റെ അക്കൗണ്ടിൽ നിന്നും അടുത്തിടെ 12 ലക്ഷം രൂപ നഷ്ടമായിരുന്നു. തൊട്ടടുത്ത ദിവസം തന്നെയായിരുന്നു വരലക്ഷ്മിയുടെ അക്കൗണ്ടിൽ നിന്നും 21 ലക്ഷം രൂപയും നഷ്ടമായത്. സംഭവത്തിൽ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.