കുടിവെള്ളം പാഴാക്കി; ബംഗളൂരുവിൽ 22 കുടുംബങ്ങൾക്ക് 5000 രൂപ വീതം പിഴ
|കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ് ബംഗളൂരു
ബെംഗളൂരു: കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ് ബംഗളൂരു. ഇന്ത്യയുടെ സിലിക്കൻ വാലി എന്നറിയപ്പെടുന്ന ഐടി നഗരം ജലക്ഷാമം കൊണ്ട് വലയുകയാണ്. ജലക്ഷാമം കടുത്തതോടെ വെള്ളത്തിന്റെ ഉപയോഗത്തിലും വലിയ നിയന്ത്രണം അധികൃതർ കൊണ്ടുവന്നിരുന്നു. എന്നാലിപ്പോൾ വെള്ളം പാഴാക്കിയെന്ന് കണ്ടെത്തിയ 22 കുടുംബങ്ങൾക്ക് 5000 രൂപ വീതം പിഴ ചുമത്തിയിരിക്കുകയാണ് അധികൃതർ.
ഈ കുടുംബങ്ങളിൽ നിന്ന് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) 1.1 ലക്ഷം രൂപ പിഴയിനത്തിൽ പിരിച്ചെടുത്തതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. കാർ കഴുകാനോ ചെടിനനക്കാനോ ടാങ്കർവെള്ളമോ പൈപ്പ് വെള്ളമോ ഉപയോഗിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതിനെച്ചൊല്ലി സോഷ്യൽമീഡിയയിലൂടെ പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ നിരീക്ഷത്തിലാണ് കുടിവെള്ളം പാഴാക്കുന്നത് കണ്ടെത്തിയത്.
ജലദൗർലഭ്യം കാരണം ഹോളി ആഘോഷങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഹോളി ആഘോഷത്തിന് വാട്ടർഅതോറിറ്റിയുടെ വെള്ളമോ കുഴൽകിണർ വെള്ളമോ ഉപയോഗിക്കുന്നത് അടുത്തിടെ നിരോധിച്ചിരുന്നു. ഇതിന് ശേഷം പലയിടത്തും ഹോളി ആഘോഷം വേണ്ടെന്ന് വെച്ചിരുന്നു.
22 Bengaluru families penalised with Rs 5,000 each for wasting water