India
Srikant Kumar Chaudhary
India

ലീവ് കിട്ടിയില്ല; 22കാരനായ അഗ്നിവീര്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ ആത്മഹത്യ ചെയ്തു

Web Desk
|
6 July 2024 3:53 AM GMT

2022ലാണ് ശ്രീകാന്ത് ഇന്ത്യൻ വ്യോമസേനയിൽ ചേർന്നത്.

ലഖ്നൗ: ഉത്തര്‍പ്രദേശ് ബാലിയ സ്വദേശിയായ അഗ്നിവീര്‍ ഡ്യൂട്ടിക്കിടെ ആത്മഹത്യ ചെയ്തു. ശ്രീകാന്ത് കുമാര്‍ ചൗധരിയാണ്(22) ചൊവ്വാഴ്ച രാത്രി ആഗ്രയിലെ എയർഫോഴ്സ് സ്റ്റേഷനിൽ ജീവനൊടുക്കിയത്. 2022ലാണ് ശ്രീകാന്ത് ഇന്ത്യൻ വ്യോമസേനയിൽ (ഐഎഎഫ്) ചേർന്നത്.

ശ്രീകാന്തിന്‍റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ അന്വേഷണ ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതദേഹം കുടുംബത്തിന് കൈമാറി. വ്യാഴാഴ്ച വൈകിട്ട് ശ്രീകാന്തിന്‍റെ ജന്‍മദേശമായ നാരായൺപൂരിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. ആഗ്രയിലെ എയർഫോഴ്‌സ് സ്‌റ്റേഷനിൽ ജീവനക്കാര്‍ കുറവായതിനാല്‍ അവധി ലഭിക്കാത്തത് ശ്രീകാന്തിനെ വിഷമിപ്പിച്ചെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസറും ഷാഗഞ്ച് പൊലീസ് സ്റ്റേഷൻ്റെ ഇന്‍-ചാര്‍ജുമായ അമിത് കുമാർ മാൻ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. ശ്രീകാന്തിന്‍റെ കുടുംബാംഗങ്ങൾ ഇതുവരെ പരാതി നൽകിയിട്ടില്ല. പരാതി ലഭിച്ചാല്‍ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അഗ്നിവീര്‍ പരിശീലനത്തിന് മുംബൈയിലെത്തിയ മലയാളി യുവതി കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തിരുന്നു. പത്തനംതിട്ട അടൂർ സ്വദേശിനി അപർണ വി. നായരെയാണ് (20) നവംബർ 28-ന് മുംബൈയിൽ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടത്. ഐ.എൻ.എസ്. ഹംലയിൽ പരിശീലനം നടത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു മരണം.

അഗ്നിവീര്‍ സൈനികരെ കേന്ദ്രം അവഗണിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അഗ്നിവീര്‍ സൈനികര്‍ക്ക് കേന്ദ്രം യാതൊരു രീതിയിലുള്ള ആനുകൂല്യങ്ങളും നല്‍കുന്നില്ലെന്നും ജോലിക്കിടെ മരിച്ചാല്‍ നഷ്ടപരിഹാരം പോലും കൊടുക്കുന്നില്ലെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് അഗ്നിവീര്‍ സൈനികര്‍ വെറും യൂസ് ആന്‍ഡ് ത്രോ മെറ്റീരിയല്‍ മാത്രമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

Related Tags :
Similar Posts