മിസോറാമിൽ റെയിൽ പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി
|18 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തതായി അധികൃതർ അറിയിച്ചു
ഇംഫാല്‍: മിസോറാമിൽ റെയിൽ പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. ഇതിൽ 18 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തതായി അധികൃതർ അറിയിച്ചു. എന്നാല്‍ പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 26 പേർക്ക് ജീവഹാനി സംഭവിച്ചതായാണ് വിവരം. മറിഞ്ഞ് വീണ തൂണുകളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുക്കാനാണ് ശ്രമം.
ഐസ്വാളിലെ സോറാം മെഡിക്കൽ കോളേജിലെയും സിവിൽ ആശുപത്രിയിലെയും സംഘമാണ് മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടത്തുന്നത്. മൃതദേഹങ്ങൾ എംബാം ചെയ്ത് അതത് ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി റെയിൽവേ വകുപ്പിന് കൈമാറുമെന്ന് മിസോറാം സർക്കാർ അറിയിച്ചു.
നിർമ്മാണത്തിലിരുന്ന പാലത്തിന്റെ 104 മീറ്റർ ഉയരമുള്ള തൂണുകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഗാൻട്രി തകർന്നതാണ് അപകടത്തിന് കാരണമെന്ന് റെയിൽവേ എഞ്ചിനീയർമാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവെ മന്ത്രാലയം ഉന്നതതല സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.