കോവിഡ് കേസില്ലാതെ 23 ജില്ലകള്‍; 24 മണിക്കൂറിനുള്ളില്‍ ഒരു കോവിഡ് മരണം പോലുമില്ലാതെ രാജസ്ഥാന്‍
|ടോങ്ക്, സിറോഹി, സിക്കാർ, കോട്ട, പാലി എന്നീ ജില്ലകള്‍ ഇതിലുള്‍പ്പെടുന്നു
കോവിഡ് മൂന്നാം തരംഗ ഭീതിക്കിടെ ആശ്വാസമായി രാജസ്ഥാനില്‍ നിന്നുള്ള കോവിഡ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു കോവിഡ് മരണം പോലും രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാത്രമല്ല 33 ജില്ലകളില്‍ 23 ജില്ലകളിലും ഇതുവരെ കോവിഡ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. ടോങ്ക്, സിറോഹി, സിക്കാർ, കോട്ട, പാലി എന്നീ ജില്ലകള്‍ ഇതിലുള്‍പ്പെടുന്നു.
സംസ്ഥാന ആരോഗ്യവകുപ്പ് ബുധനാഴ്ച നൽകിയ കണക്കനുസരിച്ച് 22 പുതിയ കോവിഡ് -19 കേസുകൾ മാത്രമാണ് രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ മൂന്ന് കേസുകള്‍ തലസ്ഥാനമായ ജയ്പൂരിൽ നിന്നാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ സജീവമായ കേസുകൾ 358 ആയി കുറഞ്ഞു. ഇതേ കാലയളവിൽ 55 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതുവരെ 8,951 പേരാണ് രാജസ്ഥാനില്‍ കോവിഡ് ബാധിച്ചു മരിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 41,383 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 507 മരണവും റിപ്പോര്‍ട്ട് ചെയ്തു.