23കാരിയെ മേയറാക്കി കോൺഗ്രസ്; ത്രിവേണി ബെല്ലാരി മേയർ
|കർണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ത്രിവേണി.
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ബെല്ലാരിയിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ്. യുവ വോട്ടർമാരെ ലക്ഷ്യമിട്ട് ബെല്ലാരി സിറ്റിയുടെ പുതിയ മേയറായി 23കാരി ത്രിവേണിയെ കോൺഗ്രസ് തെരഞ്ഞെടുത്തു. കർണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ത്രിവേണി.
മേയർ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി നാഗരത്നമ്മയെ തോൽപ്പിച്ചാണ് പാരാ മെഡിക്കൽ എഞ്ചിനീയറായ ത്രിവേണി കോർപറേഷന്റെ സാരഥ്യമേറ്റെടുത്തത്. ത്രിവേണിക്ക് 28 ഉം നാഗരത്നമ്മയ്ക്ക് 16 ഉം വോട്ടുകിട്ടി. എക്സ് ഒഫീഷ്യോ അംഗങ്ങളായ എംഎൽഎ, എംഎൽസി, എംപിമാർ ഉൾപ്പെടെ 44 പേരാണ് കോർപറേഷനിലുള്ളത്. വോട്ടെടുപ്പിൽ അഞ്ച് സ്വതന്ത്രരുടെ പിന്തണയും കോൺഗ്രസിന് ലഭിച്ചു.
മേയർ തസ്തികയ്ക്കായി കോൺഗ്രസിൽ മൂന്നു കൗൺസിലർമാർ രംഗത്തുണ്ടായിരുന്നു. ത്രിവേണിക്ക് പുറമേ, ഉമാദേവി, കുബേരപ്പ എന്നിവരാണ് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. കോൺഗ്രസിൽ ഗ്രൂപ്പ് വ്യക്തമായതോടെ 13 അംഗങ്ങളുള്ള ബിജെപി ചരടുവലി ആരംഭിച്ചു. നേതൃത്വത്തോട് എതിർപ്പുള്ള അംഗങ്ങളെയും സ്വതന്ത്രരെയും കൂടെ നിർത്താമെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി. എന്നാൽ കെപിസിസി നിരീക്ഷകൻ ചന്ദ്രപ്പയുടെ അനുനയ ശ്രമങ്ങളിൽ പാർട്ടിക്കകത്ത് സമവായം ഉരുത്തിരിയുകയായിരുന്നു.
21-ാം വയസ്സിൽ കൗൺസിലറായി വിജയിച്ച ത്രിവേണിയുടെ അമ്മ സുശീലഭായ് മുൻ ബെല്ലാരി മേയറായിരുന്നു. ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്ഥാനമേറ്റെടുത്ത ശേഷം മേയർ മാധ്യമങ്ങളോട് പറഞ്ഞു.
33-ാം വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ബി. ജാനകിയാണ് ഡെപ്യൂട്ടി മേയർ. ഈ സ്ഥാനത്തേക്ക് ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല.