തീവ്ര ഉഷ്ണതരംഗം; മഹാരാഷ്ട്രയിൽ ഈ വർഷം മരിച്ചത് 25 പേർ
|മിക്ക ജില്ലകളിലും താപനില 40-46 ഡിഗ്രിയിൽ കൂടുതലാണ്
മുംബൈ: തീവ്ര ഉഷ്ണതരംഗം മൂലം ഈ വർഷം മഹാരാഷ്ട്രയിൽ മരിച്ചത് 25 പേർ. ആറ് വർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന മരണനിരക്കാണിത്.ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത് വിദർഭയിലാണ്. 15 പേരാണ് ഇവിടെ മരിച്ചത്. ആറ് പേർ മറാത്ത്വാഡയിലും നാല് പേർ വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവിലും മരിച്ചു. വിദർഭയിലെ നാഗ്പൂരില്‍ 11 പേരും അകോലയിൽ മൂന്ന് പേരും അമരാവതിയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറാത്ത്വാഡയിലെ ജൽനയിൽ രണ്ടും ഔറംഗബാദ്, ഹിംഗോലി, ഒസ്മാനാബാദ്, പർഭാനി എന്നിവിടങ്ങളിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു.
ആരോഗ്യ വകുപ്പിൽ നിന്നുള്ള കണക്കുകൾ പ്രകാരം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 374ലധികം പേർക്ക് ഹീറ്റ് സ്ട്രോക്ക് കേസുകൾ റിപ്പോർട്ട് ചെയ്തി ട്ടുണ്ട്. യഥാർഥകണക്കുകൾ ഇനിയും കൂടുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
അസാധാരണമായചൂട് കൂടുമ്പോൾ ശരീരത്തിന് അതിന്റെ ആന്തരിക താപനില നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോഴാണ് ഹീറ്റ്സ്ട്രോക്ക് അല്ലെങ്കിൽ ഹൈപ്പർതേർമിയ സംഭവിക്കുന്നത്. മഹാരാഷ്ട്രയിലെ മിക്ക ജില്ലകളിലും 40-46 ഡിഗ്രിയിൽ കൂടുതലാണ് ചൂട്. നാഗ്പൂർ ഡിവിഷനിലാണ് ഏറ്റവും കൂടുതൽ ഹീറ്റ് സ്ട്രോക്ക് കേസുകൾ റിപ്പോർട്ട് ചെയ്തത്.295 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ സംസ്ഥാനത്ത് ഹീറ്റ് സ്ട്രോക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.