മഹാരാഷ്ട്രയിൽ 26 മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്നു
|മഹാരാഷ്ട്രയിൽ 26 മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്നു. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. വെടിവെപ്പിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഇന്ന് പുലർച്ചെ ആറരക്കാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് പൊലീസ് സൂപ്രണ്ട് അങ്കിത് ഗോയൽ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. " ഉൾവനത്തിൽ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. എത്ര മാവോയിസ്റ്റുകളെ വധിച്ചുവെന്ന് ഏറ്റുമുട്ടൽ അവസാനിച്ചാൽ മാത്രമേ പറയാൻ കഴിയൂ." - അദ്ദേഹം പറഞ്ഞു. തങ്ങൾ ഇതുവരെ 26 മൃതദേഹങ്ങൾ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പേരുവിവരങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ലെങ്കിലും മുതിർന്ന മാവോയിസ്റ്റ് നേതാവും കൊല്ലപ്പെട്ടവരിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഛത്തീസ്ഗഢുമായി അതിർത്തി പങ്കിടുന്ന മർദിൻതോല വനമേഖലയിലെ കൊർച്ചിയിലാണ് ഏറ്റുമുട്ടൽ നടന്നത്.
26 Maoists Killed In Encounter In Maharashtra's Gadchiroli District