ഗർബ നൃത്ത പരിശീലനത്തിനിടെ ഹൃദയാഘാതം; 26കാരൻ കുഴഞ്ഞുവീണ് മരിച്ചു
|അടുത്ത വർഷം ലണ്ടനിൽ ഉന്നത വിദ്യാഭ്യാസത്തിനായി പോവാൻ പദ്ധതിയിട്ടിരിക്കുകയായിരുന്നു യുവാവ്.
സൂറത്ത്: ഗുജറാത്തിൽ ഗർബ നൃത്തം പരിശീലിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സൂറത്ത് സ്വദേശിയായ 26കാരൻ രാജ് ധർമേഷ് മോദിയാണ് മരിച്ചത്.
ബുധനാഴ്ച കമ്യൂണിറ്റി ഹാളിൽ ഗർബ പരിശീലിക്കുന്നതിനിടെ യുവാവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
യുവാവ് ടൊയോട്ടയിൽ ജോലി ചെയ്തുവരികയായിരുന്നെന്നും അടുത്ത വർഷം ലണ്ടനിൽ ഉന്നത വിദ്യാഭ്യാസത്തിനായി പോവാൻ പദ്ധതിയിട്ടിരുന്നതായും രാജ് ധർമേഷ് മോദിയുടെ പിതാവിന്റെ സുഹൃത്ത് പറഞ്ഞു.
സമാനമായി നേരത്തെ മറ്റു ചില യുവാക്കളും ഗർബ പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. സെപ്തംബർ 28ന് ഗുജറാത്തിലെ ജാംനഗറിൽ ഗർബ നൃത്ത പരിശീലനത്തിനിടെ 19കാരൻ കുഴഞ്ഞുവീണ് മരിച്ചിരുന്നു.
ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നു. അതിനുമുമ്പ്, സെപ്തംബർ 21ന് ഗുജറാത്തിലെ ജുനഗഡിൽ 24കാരനായ യുവാവ് ഗർബ പരിശീലിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.
ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളിൽ നടത്തപ്പെടുന്ന ഒരു പ്രധാന നൃത്തരൂപമാണ് ഗർബ. സംഘ നൃത്തമായാണ് ഇത് അവതരിപ്പിക്കുന്നത്. വർണശബളമായ വസ്ത്രം ധരിച്ചാണ് സ്ത്രീകളും പുരുഷന്മാരും നൃത്തം ചെയ്യുന്നത്.