ഹാഥ്റസിൽ മതചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 27 പേർ മരിച്ചു
|സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്
ഡൽഹി: ഉത്തർപ്രദേശിലെ ഹാത്രസിൽ തിക്കിലും തിരക്കിലും പെട്ട് 27 മരണം. മുഗൾഗർഹി ഗ്രാമത്തിൽ മതപരമായ ചടങ്ങിനിടെയാണ് അപകടം. 23 സ്ത്രീകളും,മൂന്ന് കുട്ടികളും ഒരു പുരുഷനും ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മാനവ് മംഗള്‍ മിലന്‍ സദ്ഭാവന സമാഗം കമ്മിറ്റിയാണ് 'സത്സംഗ്' എന്ന പ്രാർത്ഥനാചടങ്ങ് നടത്തിയത്. ഒരു പ്രാദേശിക ഗുരുവിന്റെ ബഹുമാനാർത്ഥം സംഘടിപ്പിക്കുന്ന ചടങ്ങാണിതെന്നാണ് പ്രദേശത്തെ ആളുകൾ പറയുന്നത്.
പ്രാർത്ഥനായോഗത്തിൽ വൻ ജനക്കൂട്ടമാണ് പങ്കെടുത്തത്. യോഗം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോകാൻ തുടങ്ങിയതോടെ തിക്കും തിരക്കുമുണ്ടാവുകയായിരുന്നെന്ന് സംഭവസ്ഥലത്ത് നിന്ന് ഒരു സ്ത്രീ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താനും പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ നൽകാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.
സംസ്ഥാനത്തെ മന്ത്രിമാരായ ലക്ഷ്മി നാരായൺ ചൗധരിയും സന്ദീപ് സിംഗും സംഭവസ്ഥലത്ത് സന്ദർശനം നടത്തി. ആഗ്ര അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്, അലിഗഡ് കമ്മീഷണർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് സംഭവം അന്വേഷിക്കുക.