ബാങ്ക് വിളിച്ചപ്പോൾ ഉച്ചഭാഷിണികളിലൂടെ ഹനുമാൻ കീർത്തനം കേൾപ്പിച്ചു; മഹാരാഷ്ട്രയിൽ 27 എം.എൻ.എസ് പ്രവർത്തകർ അറസ്റ്റിൽ
|ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഔറംഗാബാദിൽ നടത്തിയ റാലിയിൽ രാജ് താക്കറെ പ്രഖ്യാപിച്ചിരുന്നു
നാസിക്ക്: രാവിലെ ബാങ്ക് വിളിച്ചപ്പോൾ ഉച്ചഭാഷിണികളിലൂടെ ഹനുമാൻ കീർത്തനം കേൾപ്പിച്ചതിന് 27 എം.എൻ.എസ് പ്രവർത്തകർ അറസ്റ്റിൽ. മഹാരാഷ്ട്രയിൽ നാസിക്കിലാണ് സംഭവം.ഉച്ചഭാഷിണികളിലൂടെ ബാങ്ക് വിളിച്ചാൽ ഹനുമാൻ കീർത്തനങ്ങൾ കേൾപ്പിക്കാൻ രാജ് താക്കറെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തകരുടെ പ്രകോപനം. നിലവിൽ പ്രദശത്തെ സ്ഥിതി ശാന്തമാണ്.
മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന മഹാരാഷ്ട്ര നവനിർമാൺ സേനാ നേതാവ് രാജ് താക്കറെയുടെ മുന്നറിയിപ്പ് പരിഗണിച്ച് മഹാരാഷ്ട്രയിൽ സുരക്ഷ കർശനമാക്കിയിരുന്നു. അക്രമം അഴിച്ചുവിടാൻ ആരെങ്കിലും ശ്രമിച്ചാൽ ഉത്തരവുകൾക്കായി കാത്തിരിക്കാതെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഉച്ചഭാഷിണി നീക്കിയില്ലെങ്കിൽ പള്ളികൾക്ക് മുമ്പിൽ ഹനുമാൻ കീർത്തനം പാടുമെന്നാണ് രാജ് താക്കറെയുടെ മുന്നറിയിപ്പ്.
ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഔറംഗാബാദിൽ നടത്തിയ റാലിയിൽ രാജ് താക്കറെ പ്രഖ്യാപിച്ചിരുന്നു. പള്ളികൾക്ക് മുന്നിൽ ഇരട്ടി ശബ്ദത്തിൽ ഹനുമാൻ കീർത്തനം കേൾപ്പിക്കുമെന്നാണ് വെല്ലുവിളി. സംഘർഷ സാധ്യത കണക്കിലെടുത്ത് മഹാരാഷ്ട്രയിൽ അതീവജാഗ്രത പ്രഖ്യാപിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ആഭ്യന്തരമന്ത്രി ദിലീപ് പാട്ടീലുമായും ഇന്നലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സംസാരിച്ചിരുന്നു.
സംസ്ഥാനത്ത് പുറത്ത് നിന്നും അക്രമികൾ എത്താനുള്ള സാധ്യത ഉള്ളതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. അവധിയിലുള്ള പൊലീസുകാരെ ഉൾപ്പെടെ തിരികെ വിളിച്ചാണ് സുരക്ഷ ശക്തമാക്കിയത്. ഹോംഗാർഡുമാരെയും സംസ്ഥാന റിസർവ് പൊലീസിലെ ഉദ്യോഗസ്ഥരെയും ക്രമസമാധാന ചുമതലയിൽ അധികമായി വിന്യസിച്ചു. ആരെങ്കിലും പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചാൽ ഉത്തരവിന് കാത്ത് നിൽക്കാതെ നടപടിയെടുക്കാനാണ് പൊലീസിന് ഡി.ജി.പി നൽകിയിട്ടുള്ള നിർദേശം. ഔറംഗാബാദിൽ ഞായറാഴ്ച നടത്തിയ റാലിയിൽ പ്രകോപനപരമായി പ്രസംഗിച്ചതിന് രാജ് താക്കറെയ്ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.