India
നാല് പേരെ പാനീയത്തിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തി കവർച്ച; മൂന്ന് സ്ത്രീകൾ അറസ്റ്റിൽ
India

നാല് പേരെ പാനീയത്തിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തി കവർച്ച; മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

Web Desk
|
6 Sep 2024 4:15 PM GMT

സ്വർണാഭരണങ്ങളോ പണമോ ഉള്ള ആളുകളെ നോട്ടമിടുകയും ശേഷം അവരുമായി സൗഹൃദം സ്ഥാപിക്കുകയുമാണ് പ്രതികൾ ആദ്യം ചെയ്യുന്നത്.

അമരാവതി: സൗഹൃദം സ്ഥാപിച്ച ശേഷം പാനീയത്തിൽ സയനൈഡ് കലർത്തി നൽകി നാല് പേരെ കൊലപ്പെടുത്തി കവർച്ച നടത്തിയ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ തെനാലിയിലാണ് ഞെട്ടിക്കുന്ന സംഭവം. മദിലയ വെങ്കടേശ്വരി (32), ​മുനു​ഗപ്പ രജിനി (40), ഗുർള രാമനമ്മ (60) എന്നിവരാണ് പിടിയിലായത്.

സ്വർണാഭരണങ്ങളോ പണമോ ഉള്ള ആളുകളെ നോട്ടമിടുകയും ശേഷം അവരുമായി സൗഹൃദം സ്ഥാപിക്കുകയുമാണ് പ്രതികൾ ആദ്യം ചെയ്യുന്നത്. തുടർന്ന് സയനൈഡ് കലർത്തിയ പാനീയങ്ങൾ നൽകും. പാനീയം കഴിച്ച് ഇവർ താമസിയാതെ മരിക്കുകയും പ്രതികൾ അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച് രക്ഷപ്പെടുകയുമാണ് ചെയ്യുന്നത്.

ജൂണിൽ കൊല്ലപ്പെട്ട നാഗൂർ ബി എന്ന സ്ത്രീയുടേതുൾപ്പെടെ നാല് കൊലപാതകങ്ങളിൽ പ്രതികൾക്ക് പങ്കുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികൾ മറ്റ് രണ്ട് പേരെകൂടി കൊല്ലാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെടുകയായിരുന്നു.

മുഖ്യപ്രതി വെങ്കിടേശ്വരി മുമ്പ് നാല് വർഷത്തോളം സന്നദ്ധപ്രവർത്തകയായി പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് കംബോഡിയയിലേക്ക് പോവുകയും അവിടെ സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. പ്രതികളിൽനിന്ന് സയനൈഡും മറ്റ് വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. ഇവർക്ക് സയനൈഡ് നൽകിയ ആളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്ത്രീകൾ കുറ്റം സമ്മതിച്ചതായും ഭാരതീയ ന്യായ് സൻഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും ഗുണ്ടൂർ പൊലീസ് സൂപ്രണ്ട് സതീഷ് കുമാർ പറഞ്ഞു. ആളുകൾ ജാഗ്രത പാലിക്കണമെന്നും അപരിചിതരുമായി എളുപ്പത്തിൽ ചങ്ങാത്തം കൂടരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Similar Posts