India
ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍‍ ശ്രമിച്ചതിന് 3 പേര്‍ പിടിയില്‍, പിന്നില്‍ ബി.ജെ.പിയെന്ന് ജെ.എം.എം
India

ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍‍ ശ്രമിച്ചതിന് 3 പേര്‍ പിടിയില്‍, പിന്നില്‍ ബി.ജെ.പിയെന്ന് ജെ.എം.എം

Web Desk
|
24 July 2021 3:24 PM GMT

പിടിയിലായവരില്‍നിന്ന് വലിയതോതിലുള്ള പണം ജാര്‍ഖണ്ഡ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്

ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മൂന്നുപേരെ അറസ്റ്റ് ചെയ്തു. അഭിഷേക് ദുബൈ, അമിത് സിങ്, നിവാരണ്‍പ്രസാദ് മഹതോ എന്നിവരെ റാഞ്ചിയിലെ ഒരു ഹോട്ടലില്‍നിന്നാണ് ജാര്‍ഖണ്ഡ് സ്പെഷ്യല്‍ ബ്രാഞ്ച് മൂന്നുപേരെ പിടികൂടിയത്. ഇവര്‍ ചില കോണ്‍ഗ്രസ് എം.എല്‍.എമാരുമായി ബന്ധപ്പെടുകയും ജെ.എം.എം-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി. സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പദ്ധതിയിട്ടെന്നുമാണ് ആരോപണം. ഗൂഢാലോചനക്ക് പിന്നില്‍ ബി.ജെ.പി.യാണെന്നും ജെ.എം.എം. ആരോപിച്ചു.

പിടിയിലായ രണ്ടുപേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒരാള്‍ മദ്യവില്‍പനക്കാരനുമാണെന്നാണ് പ്രാഥമിക വിവരം. ഇവരില്‍നിന്ന് വലിയതോതിലുള്ള പണം ജാര്‍ഖണ്ഡ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. "കര്‍ണാടക, മധ്യപ്രദേശ് മോഡല്‍ ജാര്‍ഖണ്ഡിലും ബി.ജെ.പി. പരീക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ ഞങ്ങള്‍ ബി.ജെ.പിയെ അതിന് അനുവദിക്കില്ല" ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ജനറല്‍ സെക്രട്ടറി സുപ്രിയ ഭട്ടാചാര്യ പറഞ്ഞു.

2019-ലെ ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 81 സീറ്റില്‍ 47 ല്‍ ജെ.എം.എം.-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി. സഖ്യം വിജയിച്ചപ്പോള്‍ ബി.ജെ.പിക്കും മറ്റുള്ളവര്‍ക്കുമായി 25 എം.എല്‍.എമാരാണുള്ളത്.

Similar Posts