India
Slit by Kite Strings, Death
India

​ഗുജറാത്തിൽ പട്ടംപറത്തൽ ഉത്സവത്തിനിടെ കഴുത്ത് മുറിഞ്ഞ് കുട്ടികളടക്കം ആറ് മരണം; മഹാരാഷ്ട്രയിൽ ബൈക്ക് യാത്രികൻ മരിച്ചു

Web Desk
|
17 Jan 2023 9:35 AM GMT

രണ്ടും മൂന്നും ഏഴും വയസുള്ള കുട്ടികളടക്കമുള്ളവർക്കാണ് ദാരുണാന്ത്യമുണ്ടായത്.

അഹമ്മദാബാദ്/താനെ: ഗുജറാത്തിൽ ഉത്തരായൺ ഉത്സവത്തിനിടെ പട്ടം പറത്തുന്നതിനിടെ ചരട് കുരുങ്ങി കഴുത്ത് മുറിഞ്ഞ് ആറ് പേർക്ക് ദാരുണാന്ത്യം. ഇവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. വിവിധ ജില്ലകളിലായി 176 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഘോഷങ്ങൾക്കിടെ ടെറസുകളിലും മേൽക്കൂരയിലും പട്ടം പറത്താൻ ആളുകൾ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിന് കാരണമായത്.

പലരും പട്ടം പറത്താൻ നൈലോൺ ചരടുകൾ ഉപയോഗിച്ചപ്പോൾ മറ്റ് ചിലർ ചരടിൽ കുപ്പിച്ചില്ല് ഉൾപ്പെടെയുള്ളവ കെട്ടിയിടുകയും ചെയ്തു. മറ്റ് പട്ടങ്ങളുടെ ചരടുകൾ അരിഞ്ഞുവീഴ്ത്താനായിരുന്നു ഇത്. ഇതുൾപ്പെടെ കുട്ടികളുടെയടക്കം നിരവധി പേരുടെ കഴുത്തിൽ കുരുങ്ങുകയും രക്തം വാർന്നു മരിക്കുംവിധത്തിൽ മുറിവുണ്ടാകാനും കാരണമായി.

ഭാവ്നഗർ നഗരത്തിൽ പിതാവിനൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന രണ്ടു വയസുകാരി കീർത്തിയുടെ കഴുത്ത് പട്ടച്ചരട് കുരുങ്ങി മുറിഞ്ഞു. ഞായറാഴ്ച ആശുപത്രിയിൽ ചികിത്സയ്ക്കിടെ അവൾ മരിച്ചെന്ന് ബോർഡലാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

വിസ് നഗർ ടൗണിൽ ശനിയാഴ്ചയാണ് മറ്റൊരു സംഭവമുണ്ടായത്. മൂന്ന് വയസുകാരിയായ കിസ്മത് ആണ് മരിച്ചത്. അമ്മയോടൊപ്പം ടൗണിലേക്ക് പോയപ്പോഴായിരുന്നു പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി മുറിഞ്ഞതെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് അറിയിച്ചു.

രാജ്‌കോട്ടിലാണ് മറ്റൊരു കുട്ടി മരിച്ചത്. മാതാപിതാക്കൾക്കൊപ്പം ബൈക്കിൽ പട്ടം വാങ്ങാൻ പോവുകയായിരുന്ന ഏഴ് വയസുകാരൻ റിഷഭ് വർമയ്ക്കാണ് ഇത്തരത്തിൽ കഴുത്ത് മുറിഞ്ഞ് ജീവൻ നഷ്ടമായതെന്ന് അജിദാം പൊലീസ് പറഞ്ഞു. സമാനമായ സംഭവങ്ങൾ വഡോദര, കച്ച്, ഗാന്ധിനഗർ ജില്ലകളിലും ഉണ്ടായി. ബൈക്ക് യാത്രയ്ക്കിടെ കഴുത്തിൽ ചരട് കുരുങ്ങി മുറിഞ്ഞ് ഈ ജില്ലകളിൽ മൂന്ന് പേരാണ് മരണപ്പെട്ടത്.

പാലത്തിലൂടെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ സ്വാമിജി യാദവ് (35) എന്ന യുവാവ് കഴുത്ത് മുറിഞ്ഞ് മരിച്ചു. കച്ച് ജില്ലയിലെ ഗാന്ധിധാം നഗരമായ കലോൽ ടൗണിലെ അശ്വിൻ ഗധ്വിയിൽ നരേന്ദ്ര വഗേല (20)യും സമാനമായ രീതിയിൽ കൊല്ലപ്പെട്ടു. 108- ഇ.എം.എസ് എമർജൻസി ആംബുലൻസ് സർവീസ് സമാഹരിച്ച ഡാറ്റ പ്രകാരം, ശനി, ഞായർ ദിവസങ്ങളിൽ മാത്രം പട്ടം പറത്തുന്നതിനിടെ ഉയരത്തിൽ നിന്ന് വീണ് 130 പേർക്കും മുറിവേറ്റ് 46 പേർക്കുമാണ് പരിക്കേറ്റത്.

അതേസമയം, മഹാരാഷ്ട്രയിലും സമാനമായ മരണം ഉണ്ടായി. യാത്രയ്ക്കിടെ പട്ടത്തിന്റെ നൈലോൺ ചരട് കുരുങ്ങി കഴുത്ത് മുറിഞ്ഞ് ബൈക്ക് യാത്രികനാണ് മരിച്ചത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭീവണ്ടിയിലാണ് സംഭവം. ഉത്സഹസ് നഗർ സ്വദേശി സഞ്ജയ് ഹസാരെയാണ് മരിച്ചത്. 47കാരനായ ഇദ്ദേഹം വീട്ടിൽ ജങ്ഷനിലേക്ക് ഇറങ്ങിയതായിരുന്നു. മകര സംക്രാന്തി ഉത്സവത്തോടനുബന്ധിച്ച് നടന്ന പട്ടം പറത്തലാണ് മരണത്തിൽ കലാശിച്ചത്.

ബൈക്കിൽ പോവുന്നതിനിടെ പട്ടങ്ങളുടെ നൈലോൺ ചരടുകളിലൊന്നിൽ സഞ്ജയിയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഉടൻ കഴുത്ത് മുറിയുകയും നിയന്ത്രണം നഷ്ടമായി ബൈക്കിൽ നിന്നും താഴെ വീഴുകയും ചെയ്തു. എന്നാൽ സംഭവസ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടു.

പട്ടത്തിന് നൈലോൺ ചരട് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും പലരും പാലിക്കുന്നില്ലെന്നും ജനങ്ങൾക്ക് അപകടമുണ്ടാകുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. നേരത്തെ ഋഷി എന്ന യുവാവും സമാനമായി അപകടത്തിൽപ്പെട്ടിരുന്നെങ്കിലും രക്ഷപെട്ടിരുന്നു.

Similar Posts