India
റെയിൽ ക്രോസ് ചെയ്യുന്നതിനിടെ ട്രെയിനിടിച്ച് അമ്മയാനയ്ക്കും കുഞ്ഞുങ്ങൾക്കും ദാരുണാന്ത്യം
India

റെയിൽ ക്രോസ് ചെയ്യുന്നതിനിടെ ട്രെയിനിടിച്ച് അമ്മയാനയ്ക്കും കുഞ്ഞുങ്ങൾക്കും ദാരുണാന്ത്യം

André
|
27 Nov 2021 4:33 AM GMT

മംഗലാപുരത്തു നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന 12602-ാം നമ്പർ ചെന്നൈ മെയിലാണ് അപകടകാരണമായത്

പാലക്കാടിനും കോയമ്പത്തൂരിനുമിടയിലെ നവക്കരൈയിൽ ഇന്നലെ രാത്രി ട്രെയിനിടിച്ച് ചരിഞ്ഞത് 25 വയസ്സുള്ള പിടിയാനയും രണ്ട് കുഞ്ഞുങ്ങളും. മംഗലാപുരത്തു നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന 12602-ാം നമ്പർ ചെന്നൈ മെയിൽ എക്‌സ്പ്രസ്സിടിച്ച് ഇന്നലെയാണ് ആനകൾക്ക് ജീവൻ നഷ്ടമായത്. പാലക്കാട് ഡിവിഷന്റെ കീഴിലുള്ള മരപ്പാലം തോട്ടത്തുവെച്ചാണ് അപകടമുണ്ടായതെന്നും ആനകൾ തൽക്ഷണം തന്നെ ചരിഞ്ഞെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.

കൊല്ലപ്പെട്ട മൂന്ന് ആനകളും ഒരേ കൂട്ടത്തിൽപ്പെട്ടതാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. അപകടത്തിൽപ്പെട്ട തീവണ്ടി യാത്രക്കാർ സഹിതം വാളയാറിലേക്ക് കൊണ്ടുപോയി. ലോകോ പൈലറ്റുമാരെ അന്വേഷണത്തിന്റെ ഭാഗമായി തടഞ്ഞുവെച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ മധുക്കരൈ താലൂക്കിൽ പെട്ട നവക്കരൈയിൽ ആനകൾ ട്രെയിനപകടത്തിൽപ്പെടുന്നത് ഇതാദ്യമായല്ല. മധുക്കരൈ ഫോറസ്റ്റ് റെയ്ഞ്ചിന്റെ ഭാഗമായ വനംപ്രദേശത്തിന് തൊട്ടരികിലൂടെയുള്ള റെയിൽവേ ലൈനിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതാണ് ഇതിനു പ്രധാന കാരണം. മണ്ണിട്ട് ഉയർത്തിയാണ് റെയിൽ സ്ഥാപിച്ചിട്ടുള്ളതെങ്കിലും ആനകൾ ഇതുവഴി സഞ്ചരിക്കുന്നത് പതിവാണ്. ഈ വർഷം മാർച്ചിൽ ട്രെയിനിടിച്ച് ഒരു ആനക്ക് പരിക്കേറ്റിരുന്നു. 25 വയസ്സായ ആന ചികിത്സക്കിടെ ചരിയുകയും ചെയ്തു.

Related Tags :
Similar Posts