India
3 farmers dead after being run over by PWD officials car in UP
India

യു.പിയിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥന്റെ കാറിടിച്ച് മൂന്ന് കർഷകർ മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

Web Desk
|
13 Jun 2023 4:11 AM GMT

അയോധ്യയിലെ പിഡബ്ല്യുഡി ജൂനിയർ എഞ്ചിനീയറുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കാൺപൂർ: യു.പിയിൽ പിഡബ്ല്യുഡി ഉദ്യോ​ഗസ്ഥന്റെ കാറിടിച്ച് മൂന്ന് കർഷകർക്ക് ദാരുണാന്ത്യം. കാൺപൂരിലെ ബിൽഹൗർ ടൗണിൽ തിങ്കളാഴ്ച വൈകീട്ട് ലഖ്‌നൗ- ഇറ്റാവ റോഡിലാണ് സംഭവം. സംഭവത്തിൽ കാർ ഡ്രൈവറായ അജീത് കുമാർ പാണ്ഡെയെ രക്ഷപെടാനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടി.

മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്ന ഡ്രൈവറുടെ അശ്രദ്ധയാണ് മൂന്ന് പേരുടെ മരണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നി​ഗമനമെന്ന് പൊലീസ് പറയുന്നു. സുരേന്ദ്ര സിങ് (62), അഹിബാരൻ സിങ് (63), ഘസീതെ യാദവ് (65) എന്നിവരാണ് മരിച്ചത്.

മൂവരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. ബിൽഹൗറിലെ താമസക്കാരായ മൂന്ന് കർഷകരും തങ്ങളുടെ തോട്ടങ്ങളിലേക്ക് ഇറങ്ങാനായി റോഡിന്റെ ഓരത്ത് നിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഡ്രൈവർക്കെതിരെ ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ബിൽഹൗർ പൊലീസ് കേസെടുത്തിട്ടുണ്ട്. അയോധ്യയിലെ പിഡബ്ല്യുഡി ജൂനിയർ എഞ്ചിനീയറുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പക്ഷേ അപകട സമയത്ത് പാണ്ഡെ ആയിരുന്നു കാറോടിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

കാറോടിക്കുന്ന സമയം ഡ്രൈവർ മദ്യപിച്ചിരുന്നതായി ബിൽഹൗർ എസ്എച്ച്ഒ സുരേന്ദ്ര സിങ് പറഞ്ഞു. കാൺപൂർ ദേഹട്ടിലെ സിക്കന്ദരയിൽ ജൂനിയർ എഞ്ചിനീയറുടെ കുടുംബത്തെ ഇറക്കി അയോധ്യയിലേക്കുള്ള യാത്രാമധ്യേയാണ് കാർ അപകടമുണ്ടാക്കിയത്. പാണ്ഡെ അമിതവേഗത്തിലും അശ്രദ്ധയോടെയുമാണ് കാറോടിച്ചിരുന്നതെന്ന് കരുതുന്നതായും എസ്എച്ച്ഒ കൂട്ടിച്ചേർത്തു.

Similar Posts