പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ച; പ്രത്യേക അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
|സുരക്ഷ സെക്രട്ടറി സുധീർ കുമാർ സക്സേന സമിതിയെ നയിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ, സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ വീഴ്ചകൾ അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയം മൂന്നംഗ സമിതിയെ നിയോഗിച്ചു. സുരക്ഷയിൽ വീഴ്ച വരുത്താൻ ഇടയാക്കിയ സാഹചര്യം സമിതി പരിശോധിക്കും. കമ്മിറ്റിയെ കാബിനറ്റ് സെക്രട്ടേറിയറ്റ് സെക്രട്ടറി സുധീർ കുമാർ സക്സേന നയിക്കും.
ഇന്റലിജൻസ് ബ്യൂറോ ജോയിന്റ് ഡയറക്ടർ ബൽബീർ സിംഗ്, സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) ഐജി എസ്. സുരേഷ് എന്നിവരാണ് മറ്റ് രണ്ട് അംഗങ്ങൾ. റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ സമിതിയോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഫ്ളൈ ഓവറില്‍ കുടുങ്ങി.
അതേസമയം, സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രപരി രാം നാഥ് കൊവിന്ദിന് കത്തെഴുതി. പ്രധാനമന്ത്രിയുടെ യാത്രക്കിടെ പ്രക്ഷോഭകര്‍ റോഡ് തടഞ്ഞത് സുരക്ഷാ പ്രശ്നം മാത്രമല്ലെന്നും രാജ്യത്തിന് നാണക്കേടാണെന്നും കത്തില്‍ ആരോപിച്ചു. പ്രക്ഷോഭകരും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് പ്രധാനമന്ത്രിക്കെതിരെയുള്ള നീക്കമെന്നും കത്തില്‍ ആരോപിച്ചു. സംഭവം ഗുരുതരമാണെന്നും ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലുമുണ്ടായ തിരിച്ചടി മറികടക്കാന്‍ വിഷയത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.