India
Odisha Train Tragedy

ഒഡീഷ ട്രെയിന്‍ ദുരന്തം

India

അവര്‍ക്കെല്ലാം അറിയാമായിരുന്നു; ഒഡീഷ ട്രെയിൻ ദുരന്തം, 3 റെയിൽവെ ഉദ്യോഗസ്ഥർ അറസ്റ്റിൽ

Web Desk
|
8 July 2023 2:26 AM GMT

അപകടത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ചുള്ള സാധ്യതയെക്കുറിച്ച് സംഘം അന്വേഷിച്ചുവരികയായിരുന്നു

ഡല്‍ഹി: ഒഡീഷ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് മൂന്നു റെയില്‍വെ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് സി.ബി.ഐ മൂന്നു ജീവനക്കാരെ അറസ്റ്റ് ചെയ്തത്.അപകടത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ചുള്ള സാധ്യതയെക്കുറിച്ച് സംഘം അന്വേഷിച്ചുവരികയായിരുന്നു.

സീനിയർ സെക്ഷൻ എഞ്ചിനീയർ (സിഗ്നൽ) അരുൺ കുമാർ മഹന്ത, സെക്ഷൻ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ഈ മൂന്ന് പേരുടെയും പ്രവൃത്തികൾ അപകടത്തിലേക്ക് നയിച്ചുവെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുണ്ടെന്നും ദുരന്തത്തിൽ കലാശിക്കുമെന്ന് അവർക്ക് അറിയാമായിരുന്നുവെന്നും വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം അട്ടിമറിയോ സാങ്കേതിക തകരാറോ യന്ത്രത്തകരാറോ ഉണ്ടാകാനുള്ള സാധ്യത സംഘം തള്ളിക്കളഞ്ഞു.മാനുഷിക പിഴവാണ് ബാലസോര്‍ ദുരന്തത്തിനു കാരണമെന്ന് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന റെയിൽവേ സേഫ്റ്റി കമ്മീഷണർ (സിആർഎസ്) കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

ട്രെയിൻ ദുരന്തത്തില്‍ റയിൽവേ സേഫ്റ്റി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ സ്ഥാനത്തുനിന്ന് അർച്ചന ജോഷിയെ മാറ്റിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ റെയില്‍വെ ജൂനിയർ എഞ്ചിനീയറുടെ വീട് സി.ബി.ഐ സീൽ ചെയ്തിരുന്നു. സിഗ്നലിങ് ജൂനിയർ എഞ്ചിനീയര്‍ അമീർ ഖാന്‍ താമസിച്ചിരുന്ന വാടക വീടാണ് സീൽ ചെയ്തത്.

ഒഡീഷയിലെ ബാലസോറില്‍ കഴിഞ്ഞ മാസമുണ്ടായ അപകടത്തില്‍ 293 പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ടൽ എക്‌സ്‌പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവയാണ് കൂട്ടിയിടിച്ചത്. ജൂണ്‍ 6നാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.

Similar Posts