ഹിമാചലില്‍ നാശം വിതച്ച് പേമാരി; മൂന്നു നില കെട്ടിടം തകര്‍ന്നു വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍
|ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. ചോപ്പാൽ മാർക്കറ്റിലെ കെട്ടിടമാണ് നിലംപൊത്തിയത്
ഷിംല: ഹിമാചല്‍പ്രദേശില്‍ നാശം വിതച്ച് കനത്ത മഴ തുടരുകയാണ്. പല നദികളും കരകവിഞ്ഞ് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഷിംല ജില്ലയില്‍ മൂന്നു നില കെട്ടിടം തകര്‍ന്നുവീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. ചോപ്പാൽ മാർക്കറ്റിലെ കെട്ടിടമാണ് നിലംപൊത്തിയത്. എന്നാല്‍ ആളപായമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. യുകോ ബാങ്കിന്‍റെ ഒരു ശാഖ, ഒരു ധാബ, ഒരു ബാർ, മറ്റ് ചില വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. രണ്ടാം ശനിയാഴ്ചയായതിനാൽ കെട്ടിടത്തിന്‍റെ മുകൾനിലയിൽ സ്ഥിതി ചെയ്യുന്ന ബാങ്കിന് അവധിയുണ്ടായിരുന്നുവെന്നും സംഭവസമയത്ത് ബാങ്കിൽ ജോലി ചെയ്യുന്ന ഏഴ് ജീവനക്കാരിൽ ആരും ഉണ്ടായിരുന്നില്ലെന്നും ചീഫ് മാനേജർ രമേഷ് ദധ്വാൾ പറഞ്ഞു.
താഴത്തെ നിലയിലെ ബാറിൽ ഇരിക്കുന്ന ചില ആളുകൾ ജനൽ ഗ്ലാസുകൾക്ക് പൊടുന്നനെ പൊട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അവര്‍ കെട്ടിടത്തിന് പുറത്തേക്ക് ഓടി. ബാറിലും ധാബയിലും ഇരിക്കുന്ന മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു. അതുകൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്.