India
സുരക്ഷാ ബെൽറ്റ് തെന്നിമാറി; കുളുവിൽ പാരാഗ്ലൈഡിങ്ങിനിടെ 100 അടി മുകളിൽ നിന്ന് വീണ യുവാവ് മരിച്ചു
India

സുരക്ഷാ ബെൽറ്റ് തെന്നിമാറി; കുളുവിൽ പാരാഗ്ലൈഡിങ്ങിനിടെ 100 അടി മുകളിൽ നിന്ന് വീണ യുവാവ് മരിച്ചു

Web Desk
|
26 Dec 2022 2:28 AM GMT

കൂടെയുണ്ടായിരുന്ന പൈലറ്റ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്

മണാലി: കുളു ജില്ലയിലെ ദോഭി മേഖലയിൽ ശനിയാഴ്ച പാരാഗ്ലൈഡിങ്ങിനിടെ മഹാരാഷ്ട്ര സ്വദേശിയായ 30 കാരൻ കൊല്ലപ്പെട്ടു.സുഹൃത്തുക്കളോടൊപ്പം മണാലി സന്ദർശിക്കാനെത്തിയ മഹാരാഷ്ട്ര സത്താറ ജില്ലയിലെ ഷിർവാൽ ഗ്രാമത്തിലെ സൂരജ് സഞ്ജയ് ഷാ (30) ആണ് കൊല്ലപ്പെട്ടത്.

പാരാഗ്ലൈഡർ 100 അടിയോളം മുകളിലെത്തിയപ്പോൾ സൂരജിന്റെ സുരക്ഷാ ബെൽറ്റ് തെന്നിമാറിയതാണ് അപകടത്തിന് കാരണം. സൂരജിനൊപ്പം കൂടെയുണ്ടായിരുന്ന പൈലറ്റും താഴെ വീണു. ഇരുവരെയും നാട്ടുകാർ കുളുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സൂരജ് മരിച്ചിരുന്നു. പൈലറ്റ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്നും സംഭവത്തിൽ കുറ്റവാളിയെ കണ്ടെത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥൻ ഗുരുദേവ് പറഞ്ഞു. പൈലറ്റിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 336, 304 എ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിമാചൽ പ്രദേശിൽ ടാൻഡം പാരാഗ്ലൈഡിങ്ങിനിടെ അപകടം സംഭവിക്കുന്നത് ആദ്യമായല്ല. പല സംഭവങ്ങളിലായി നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബിർ ബില്ലിംഗ് പാരാഗ്ലൈഡിംഗ് സൈറ്റിന് സമീപമുണ്ടായ അപകടത്തിൽ ബംഗളൂരു സ്വദേശിയായ 12 വയസുകാരൻ മരിച്ചതിനെ തുടർന്ന് ഈവർഷം ജനുവരിയിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി പാരാഗ്ലൈഡിംഗും സംസ്ഥാനത്തെ മറ്റ് എല്ലാ സാഹസിക കായിക വിനോദങ്ങളും നിരോധിച്ചിരുന്നു.സാഹസിക പ്രവർത്തന കേന്ദ്രങ്ങൾ പരിശോധിക്കാൻ സാങ്കേതിക സമിതി രൂപീകരിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. പാരാഗ്ലൈഡിങ്ങിന് ഉപയോഗിക്കുന്ന ഭൂരിഭാഗം ഉപകരണങ്ങളും സാങ്കേതിക സമിതിയുടെ അംഗീകാരമില്ലാത്തതും പല ഓപ്പറേറ്റർമാരുടെയും രജിസ്‌ട്രേഷനും പ്രശ്‌നമുള്ളതായും കണ്ടെത്തിയിരുന്നു.


Similar Posts